ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്സി പുറത്തിറക്കി. നീലയും ഓറഞ്ചും നിറത്തിലുള്ളതാണ് പുതിയ ജഴ്സി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് പുതിയ ജഴ്സി അവതരിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം നടത്തുന്നതിനിടെ ഹെലികോപ്റ്ററില്‍ ജഴ്സി ഗ്രൗണ്ടിലേക്ക് എത്തിക്കുന്നതാണ് വീഡിയോ.
അതേസമയം പുതിയ ജഴ്സി ധരിച്ചുള്ള ടീമിന്റെ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം മലയാളി സഞ്ജു സാംസണ് ലോകകപ്പ് കളിക്കും.
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനായി സഞ്ജു പുറത്തെടുത്ത പ്രകടനമാണ് ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ കാരണം. ഇത്തവണ ട്വന്റി 20 ലോകകപ്പ് നടക്കുന്നത് യുഎസിലും വെസ്റ്റിന്‍ഡീസിലുമാണ്. ജൂണ്‍ 2ന് കാനഡയും യുഎസും തമ്മിലാണ് ആദ്യമത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎസിനും കാനഡയ്ക്കും എതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്.