സിറിയയിലും തുര്‍ക്കിയിലും ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 3823 കടന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ മാത്രം 2379 പേര് മരിച്ചതായി പ്രസിഡന്റ് തയിപ് എര്ദോഗന് പറഞ്ഞു. 5383 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം മരണ സംഖ്യ എത്രത്തോളം ഉയരുമെന്ന് പറയുവാന്‍ കഴിയാത്ത അവസ്ഥയാണ്. അതേസമയം സിറിയയില്‍ 1444 പേര് മരിച്ചതായിട്ടാണ് വിവരം. അതേസമയം മരണ സംഖ്യ എട്ട് മടങ്ങ് വര്‍ധിക്കാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് ആദ്യ ഭൂചലനുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പതിനഞ്ചിന് മിനിറ്റിന് ശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനമുണ്ടായി. വൈകിട്ട് നാലുമണിയോടെ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.0 ആണ് അതിനു തീവ്രത രേഖപ്പെടുത്തിയത്.
തുര്‍ക്കിയിലെ നുര്‍ദാഗി നഗരത്തിലെ ഗാസിയന്‍ടെപിലാണ് ആദ്യത്തെ ഭൂകമ്പത്തിന്റെ പ്രവഭകേന്ദ്രം.തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ കഹ്രമാന്‍മറാസിലാണ് രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുര്‍ക്കിയിലാണ് വൈകിട്ട് ഭൂചലനമുണ്ടാവുന്നത്. നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് തുര്‍ക്കിയിലും സിറിയയിലും ഉണ്ടായതെന്നാണ് വിലയിരുത്തുന്നത്.
തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ പ്രധാന നഗരങ്ങളെയെല്ലാം ഭൂകമ്പങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,818 കെട്ടിടങ്ങള്‍ നിലംപൊത്തി. 1939ലെ 2,818 കെട്ടിടങ്ങള്‍ തകര്‍ന്ന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തം ഉണ്ടാവുന്നതെന്നു തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്ദോഗന് പറഞ്ഞു. സിറിയില്‍ നടന്ന ഏറ്റവും വലിയ ഭൂചലനമാണ് ഇതെന്ന് സിറിയന്‍ ദേശീയ ഭൂചലന നിരീക്ഷണ ഏജന്‍സി പറഞ്ഞിരിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയും ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
തുര്‍ക്കിയിലേക്ക് എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്നും ഇന്ത്യ അറിയിച്ചു. നൂറുപേര് അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. ദുരന്ത മുഖത്ത് അടിയന്തര സേവനം നടത്താനായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഡോഗ്സ്ക്വാഡും സംഘത്തിനൊപ്പമുണ്ടാകും.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രക്ഷാ സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. ‘തുര്‍ക്കിയിലെയും സിറിയയിലേയും ജനങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നു. ദുരന്തം മറികടക്കാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു’ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.