തിരുവനന്തപുരം. ലൈംഗികമായി കുട്ടികളെ ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവം സംസ്ഥാനത്ത് വര്‍ധിക്കുന്നതായി പോലീസ്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവ് ലഭിച്ചെന്ന് ഇന്റലിജന്‍സ് ഐ ജി പി പ്രകാശ് പറഞ്ഞു. പോലീസ് ഇത് സംബന്ധിച്ച് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെടുന്ന ഫോണുകളും, ഹാര്‍ഡ് ഡിസ്‌കുകളും, മോഡം, മെമ്മറി കാര്‍ഡ്, ലാപ്‌ടോപ് എന്നിവ പോലീസ് കണ്ടെത്തി.
അതേസമയം പോലീസ് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഉണ്ടെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പി ഹണ്ടില്‍ അയല്‍വാസിയായ 12 കാരിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ ഫോണില്‍ നിന്നും കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ മറ്റ് ഗ്രൂപ്പുകളിലേക്കും കൈമാറിയതായി പോലീസ് പറയുന്നു. പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് പോലീസ് മാറ്റിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസവും ജോലിയുമുള്ളവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമാണ് പലപ്പോഴും ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നത്. ഇവര്‍ പലപ്പോഴും ഇരയാക്കുന്നത് പരിചയമുള്ള കുട്ടികളെയാണ്.
പോലീസ് തുടര്‍ന്നും പരിശോധനകള്‍ നടത്തുമെന്നും കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നവരെ കുടുക്കാനാണ് തീരുമാനം എന്നും ഐ ജി വ്യക്തമാക്കി. സംസ്ഥാനത്ത് കുട്ടികളുടെ അശ്ശീല ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളാണ്. ചെറുപ്പക്കാരായ ഐടി വിദഗ്ധരാണ് അറസ്റ്റിലായവരില്‍ കൂടുതല്‍ 142 കേസുകളാണ് പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.