രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും രാജഗിരി ബിസിനസ് സ്കൂളും സംയുക്തമായി സ്പിക്മാകേയുമായി സഹകരിച്ച് മുതിർന്ന കർണാടിക് ഓടക്കുഴൽ വിദ്വാൻ ശശാങ്ക് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ സംഗീത കച്ചേരി സംഘടിപ്പിച്ചു. വയലിനിസ്റ്റ് ആലങ്കോട് വി.എസ് ഗോകുൽ, മൃദംഗ വിദ്വാൻ ഹരിഹരൻ ശങ്കരൻ എന്നിവർ ശശാങ്ക് സുബ്രഹ്മണ്യത്തിനൊപ്പം കാക്കനാട് രാജഗിരി ക്യാമ്പസിൽ നടന്ന സംഗീത കച്ചേരിയുടെ മാറ്റുകൂട്ടി.
2022ൽ ഫ്രാൻസ് സർക്കാരിന്റെ പരമോന്നത ബഹുമതികളിനൊന്നായ ദി നൈറ്റ്ഹുഡ്, ഗ്രാമി പുരസ്കാര നോമിനേഷൻ, 2017ൽ ഭാരത സർക്കാരിന്റെ സംഗീത നാടക അക്കാദമി പുരസ്കാരം, 2001ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചുട്ടുള്ള പ്രതിഭയാണ് ശശാങ്ക് സുബ്രഹ്മണ്യം.
1992 മുതൽ ഇതുവരെ തുടർച്ചയായി രാഷ്ട്രപതി ഭവനിൽ മാറിവന്ന എല്ലാ രാഷ്ട്രപതികൾക്കായും കച്ചേരി അവതരിപ്പിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം. 50ൽ അധികം രാജ്യങ്ങളിലെ മുൻനിര വേദികളിൽ നിരവധി സംഗീത കച്ചേരികൾ, വർക്ഷോപ്പുകൾ, പഠന ക്ലാസ്സുകൾ തുടങ്ങിയവയ്ക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.