2035 ഓടെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇസ്രോ. ഇതിനായി ഭാരമേറിയ പേലോഡുകള്‍ വിക്ഷേപിക്കുവാന്‍ സാധിക്കുന്ന പുനരുപയോഗ റോക്കറ്റ് വികസിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രോ. ഇതിനായി പൊതു സ്വകാര്യ മേഖലയുടെ പിന്തുണ തേടാന്‍ ഇസ്രോ നീക്കം ആരംഭിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഭാരമേറിയ പേലോഡുകള്‍ ഭ്രമണപഥത്തിലെത്തിക്കുവാന്‍ ശേഷിയുള്ള പുനരുപയോഗിക്കാവുന്ന റോക്കറ്റ് ഇസ്രോ വികസിപ്പിക്കും.
ഭാവിയില്‍ രാജ്യം ബഹിരാകാശ മേഖലയില്‍ മുന്നേറുന്നതിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നുള്ള പേടകങ്ങള്‍, ബഹിരാകാശത്തേക്ക് ചരക്ക് എത്തിക്കുന്നതിനുള്ള ദൗത്യങ്ങള്‍, ഒന്നിലധികം വലിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുവാന്‍ എല്ലാം ഈ റോക്കറ്റുകള്‍ ഇസ്രോയെ സഹായിക്കും. നെക്‌സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ എന്ന പേരിലാണ് റോക്കറ്റ് നിര്‍മ്മിക്കുക. ജിയോസ്‌റ്റേഷണറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ 10ടണ്‍ പേലോഡും, ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ 20 ടണ്‍ പേലോഡും എത്തിക്കുവാന്‍ സാധിക്കുന്ന റോക്കറ്റാണ് നിര്‍മ്മിക്കുക.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച റോക്കറ്റായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ 1980കളില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യയാണ്. ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് ഇത് മതിയാകില്ലെന്നാണ് ഇസ്രോ കണക്ക് കൂട്ടുന്നത്. അതിനാല്‍ വിക്ഷേപണത്തിന് ചിലവ് കുറഞ്ഞതും ലളിതവുമായ സാങ്കേതിക വിദ്യ രാജ്യം വികസിപ്പിക്കേണ്ടിരിക്കുന്നു. ഇതിനായിട്ടാണ് പൊതു സ്വകാര്യ പങ്കാളിത്തം ഇസ്രോ തേടുന്നത്.
വലിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുന്ന ഇസ്രോ ഒരു വര്‍ഷത്തിനുള്ളില്‍ എന്‍ ജി എല്‍ വിയുടെ ഡിസൈന്‍ തയ്യാറാക്കി നിര്‍മ്മാണത്തിനായി നല്‍കും. എന്‍ വി എല്‍ ജിയുടെ ആദ്യ വിക്ഷേപണം 2030ല്‍ ഉണ്ടാകും. ഹരിത ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോക്കറ്റ് മൂന്ന് ഘട്ടങ്ങളാണ് ഉണ്ടാകുക. മീഥെയ്ന്‍, ലിക്വിഡ് ഓക്‌സിജന്‍ അല്ലെങ്കില്‍ മണ്ണെണ്ണ, ദ്രവ ഓക്‌സിജന്‍ എന്നി ഇന്ധനമാകും ഉപയോഗിക്കുക.