എല്ലാ 12 വര്‍ഷം കൂടുമ്പോഴും മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് പിന്നീട് മാമാങ്കം ആയതെന്ന് പറയപ്പെടുന്നു. കേരളത്തില്‍ മറ്റ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും മാമാങ്കം നടന്നിരുന്നു. എന്നാല്‍ ഇവ സ്ഥലപ്പേര് കൂടെ കൂട്ടിയാണ് അറയപ്പെടുന്നത്. 28 ദിവസമാണ് മാമാങ്കം നടക്കുക. ഈ ദിവസങ്ങളില്‍ സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങല്‍ നടന്നിരുന്നു. ഇതില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങളും ലഭിച്ചിരുന്നു. കൂടാതെ നിരവധി ജനങ്ങള്‍ പങ്കെടുക്കുവാന്‍ എത്തുന്നതിനാല്‍ വലിയ വ്യാപാര മേളയും കാര്‍ഷികമേളയും ഇതിനോടൊപ്പം നടന്നിരുന്നു.
ചരിത്ര കാരന്മാര്‍ക്കിടയില്‍ മാമാങ്കത്തിന്റെ ആരംഭത്തെക്കുറിച്ച് വ്യക്തമായ ഏകാഭിപ്രായമില്ല. ചേര രാജാക്കന്മാര് തുടങ്ങിവെച്ച മാമാങ്കം പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിന് ശേഷം വള്ളുവനാട് രാജാക്കന്മാരും മാമാങ്കത്തിന്റെ അവസാനകാലം സാമൂതിരിമാരും നടത്തിയതായിട്ടാണ് വിവരം. മാമാങ്കത്തിന്റെ രക്ഷാധികാരിയാകുന്നത് വലിയ ആഭിജാത്യം നല്കുന്ന പദവിയായിരുന്നു. അതിനാല്‍ വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ തര്‍ക്കങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്.