ഭാവിയുടെ ഗതാഗത മാര്‍ഗം എന്നാണ് ഡ്രോണുകള്‍ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ ഗതാഗതമാര്‍ഗം ഇന്നും ശൈശവ ദശ പിന്നിട്ടിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ കൃഷിയിലും ചിത്രീകരണങ്ങള്‍ക്കും മറ്റ് നിരവധി ഉപയോഗങ്ങള്‍ക്കും ഡ്രോണകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാം കേരളത്തിന് വെളിയില്‍ ഉള്ളതോ അല്ലെങ്കില്‍ രാജ്യത്തിന് പുറത്തുള്ളതോ ആയിരിക്കും. എന്നാല്‍ കേരളത്തില്‍ നിന്നും ആഫ്രിക്കന്‍ പാടങ്ങളില്‍ വരെ എത്തിയ ഒരു സ്റ്റാര്‍ട്ടപ്പ് ഉണ്ട്.
ചേര്‍ത്തല സ്വദേശികളായ സഹോദരങ്ങളുടെ നേതൃത്വത്തിലാണ് ഫ്യൂസലേജ് ഇന്നവേഷന്‍ എന്ന സ്റ്റര്‍ട്ടപ്പ കൊച്ചിയില്‍ ആരംഭിക്കുന്നത്. ദേവന്‍ ചന്ദ്രശേഖരന്‍, സഹോദരി ദേവിക എന്നിവരണ് ഫ്യൂസലേജ് ഇന്നവേഷന്റെ അമരക്കാര്‍. ദേവന്‍ എയറോനോട്ടിക്കല്‍ എന്‍ജിനിയറിംഗിലും ദേവിക ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗിലും ബിരുദധാരികളാണ്. രാജ്യാന്തര കാര്‍ഷിക ഗവേഷണ സ്ഥാപനമായ ഇക്രിസാറ്റുമായി സഹകരിച്ചാണ് പദ്ധതി.
ആഫ്രിക്കയില്‍ മൊറോക്കോയിലാണ് ഇവരുടെ ഡ്രോണുകള്‍ ആദ്യം എത്തുന്നത്. ഇക്രിസാറ്റിന്റെ മൊറോക്കയിലെ യൂണീറ്റ് കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. കരിമ്പ്, ബാര്‍ലി, ഉരുളക്കിഴങ്ങ്, ഗോതമ്പ് എന്നിവ വ്യാപകമായി കൃഷി ചെയ്യുന്ന രാജ്യമാണ് മൊറോക്കോ. മൊറോക്കോയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ദേവനും ദേവികയും. പ്രതിവര്‍ഷം 1000 ഡ്രോണുകള്‍ നിര്‍മ്മിക്കുവാന്‍ കമ്പനിക്ക് കഴിയും.
കൂടുതല്‍ ഡ്രോണുകള്‍ വിപണിയില്‍ എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. നിലവില്‍ 15 പേരാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പ് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ സഹായത്തോടെ ഏഴരലക്ഷം രൂപ മുടക്കി കളമശ്ശേരി മേക്കര്‍ വില്ലേജിലാണ് ഫ്യൂസലേജ് പ്രവര്‍ത്തനം ആരംഭിച്ചത്. സ്റ്റാര്‍ട്ടപ്പിന് യു എന്‍ ഉള്‍പ്പെടെ നിരവധി ഏജന്‍സികളുടെ പിന്തുണയും ഉണ്ട്.