സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെ വളര്‍ച്ച വളവുകളും തിരിവുകളും എല്ലാം ചേര്‍ന്ന് ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. രാജ്യം 75 വര്‍ഷം പിന്നിടുമ്പോള്‍ ദരിദ്ര രാജ്യത്തില്‍ നിന്നും ലോകത്തിലേ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞു. ഈ നേട്ടം പതിറ്റാണ്ടുകളോളം ഇന്ത്യയെ കോളനിയാക്കി ഭരിച്ച ബ്രിട്ടണെ മറികടന്നാണ് രാജ്യം നേടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാസ്ത്ര ഗവേഷണം, ഐടി, ഫാര്‍മ, ബഹിരാകാശ ഗവേഷണം എന്നി മേഖലകളില്‍ ഇന്ത്യക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.
രോഹങ്ങളുടെയും മഹാമാരികളുടെയും നാടെന്ന് പലരും പരിഹസിച്ച ഇന്ത്യ, ലോക രാജ്യങ്ങളിലേക്ക് മരുന്നുകളും മറ്റ് ജീവന്‍ രക്ഷ ഉപകരണങ്ങളും കയറ്റുമതി ചെയ്ത് ലോകത്തിന്റെ ഫാര്‍മസി എന്ന് പേര് നേടിയിരിക്കുകയാണ്. രാജ്യം 75 വര്‍ഷത്തെ പരിശ്രമം കൊണ്ട് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കോളോണിയല്‍ യുഗത്തില്‍ നിന്നും പുറത്തെത്തിയ രാജ്യം ദര്‍ശനശാലികളായ നിരവധി പേരുടെ പരിശ്രമത്തിന്റെ ഭാഗമായി വളര്‍ച്ചയുടെ പാതയിലാണ്. ഫാര്‍മ വ്യവസായത്തിന്റെ കാര്യമെടുക്കാം.
കൊളോണിയല്‍ ഭരണകാലത്ത്, കൂടിപോയാല്‍, ഇറക്കുമതി ചെയ്ത മരുന്നുകളുടെ പാക്കേജിംഗ് മാത്രമാണു ഇന്ത്യയില്‍ ചെയ്തിരുന്നത്. ഇത് മരുന്നുകളുടെ വില ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം ഉയര്‍ത്തി. ആധുനിക ഇന്ത്യന്‍ ശാസ്ത്രത്തിന്റെ ആദ്യകാല നേതാക്കള്‍ തുടങ്ങിയ കെമിക്കല്‍ എഞ്ചിനീയറിംഗിന്റെ ശക്തമായ അടിത്തറ ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തമാക്കി. ഇന്ത്യ സ്വതന്ത്രമായതോടെ ലഭ്യമായ മനുഷ്യശക്തി ഉപയോഗിച്ച് സര്‍ക്കാര്‍ തുടങ്ങിയ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, ലക്നൌവിലെ സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി, പുനെയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറി, ജമ്മുവിലെയും ജോര്‍ഹട്ടിലെയും റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി എന്നിവ ഗവേഷണരംഗത്തെ പരിപോഷിപ്പിച്ചു.
ഈ സാഹചര്യം ഇന്ത്യയിലെ കെമിക്കല്‍ എഞ്ചിനീയര്‍മാരുടെ ശേഷി വികസിപ്പിച്ചെടുത്തു. 1970-ലെ ഇന്ത്യന്‍ പേറ്റന്റ് നിയമത്തിന്റെ രൂപത്തില്‍ അനുയോജ്യമായ ഒരു നയതന്ത്ര അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടപ്പോള്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ജനറിക് മരുന്നുകള്‍ റിവേഴ്സ്-എന്‍ജിനിയറിംഗ് വഴി നിര്‍മിക്കാന്‍ കഴിഞ്ഞു. ഈ അറിവും പ്രായോഗിക ജ്ഞാനവും ഉപയോഗിച്ച് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ ശക്തമായി ഉയര്‍ന്നുവന്നു. 1990-കളോടെ അവശ്യമരുന്നുകളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു. ഈ സാഹചര്യമായപ്പോള്‍, അവശ്യ മരുന്നുകള്‍ മുന്‍പത്തെ വിലയുടെ ചെറിയയൊരു അംശത്തിനു നല്‍കാമെന്നായി.