ന്യൂഡല്‍ഹി. ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാരതത്തിന്റെ ചരിത്രത്തെ തിരുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും ചരിത്രകാരന്മാര്‍ക്ക് ആവശ്യമായ സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു ചരിത്രവിദ്യാര്‍ഥിയാണെന്നും ഭാരതത്തിന്റെ ചരിത്രം കൃത്യമായല്ല അവതരിപ്പിക്കപ്പെട്ടിരുക്കുന്നതെന്ന പരാതി നിരവധി തവണ കേട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം പരാതികള്‍ ശരിയായിരിക്കാം. ഇപ്പോള്‍ നമ്മള്‍ അത് തിരുത്തേണ്ടതുണ്ട്. ഡല്‍ഹിയില്‍ അസം സര്‍ക്കാരിന്റെ പരിപാടിയില്‍ ഷാ പറഞ്ഞു. ശരിയായ ചരിത്രം മഹത്തായ തരത്തില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് ആരാണ് നമ്മെ തടയുന്നതെന്നാണ് എന്റെ ചോദ്യം. രാജ്യ ചരിത്രം തെറ്റായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന പരാതിയെക്കുറിച്ച് ഇവിടെയുള്ള ചരിത്ര വിദ്യാര്‍ഥികളും സര്‍വകലാശാല പ്രഫസര്‍മാരും പരിശോധിക്കണം. 150 വര്‍ഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെക്കുറിച്ച് ഗവേഷണം നടത്തണം.
സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ 300 മഹദ്വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കണം. ഇതോടെ പരാതികള്‍ അവസാനിക്കും. ഇത്തരം ഗവേഷണങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കും. മുന്നോട്ടു വരൂ, ചരിത്രം പുനര്‍രചിക്കൂ. ഇത്തരത്തില്‍ പുതുതലമുറയെ പ്രചോദിപ്പിക്കാം എന്നും അദ്ദേഹം പറഞ്ഞു.