നമ്മുടെ ഭൂമിക്ക് പുറത്ത് ജീവന്‍ ഉണ്ടോ എന്ന ചോദ്യത്തിന് പലപ്പോഴും ആര്‍ക്കും വ്യക്തമായ ഉത്തരം ഇല്ല. ഉണ്ടെന്നും ഇല്ലെന്നും പറയുന്നവര്‍ ധാരാളം. എന്നാല്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് സംവിധാനത്തില്‍ ഇ.ടി ദി എക്‌സ്ട്രാ ടെറിസ്ട്രിയല്‍ എന്നൊരു സിനിമ മുമ്പ് പുറത്ത് വന്നിരുന്നു. കുട്ടികള്‍ക്ക് വേണ്ടി ഇറങ്ങിയ സിനിമയില്‍ ഭൂമിയില്‍ കുടുങ്ങിപ്പോയ ഒരു അന്യഗ്രഹജീവിയെ രക്ഷിക്കാന്‍ കുറച്ചു കുട്ടികള്‍ നടത്തുന്ന ശ്രമത്തെ വളരെ മനോഹരമായി കാണിച്ചിരിക്കുന്നു. അതുള്‍പ്പടെ ബഹുഭൂരിപക്ഷം സിനിമകളും അന്യഗ്രഹജീവികളെ സങ്കല്പിച്ചിരിക്കുന്നത് ഏതാണ്ട് മനുഷ്യരെപ്പോലെയുള്ള ജീവികളായിട്ടാണ്.
പക്ഷേ യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരിക്കുമോ ഒരു അന്യഗ്രഹജീവി. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനു മുന്നേ നാം ചോദിക്കേണ്ട ഒരു ചോദ്യം എന്താണ് ജീവന്‍ എന്നതാണ്. അതിന് ഉത്തരം കിട്ടിയാലല്ലേ. പക്ഷേ വളരെ വളരെ കൃത്യമായ ഒരുത്തരം ഇതുവരെ അതിനില്ല എന്നതാണ് സത്യം. ജീവന്റെ നിര്‍വചനങ്ങളില്‍പ്പോലും വൈവിദ്ധ്യമുണ്ട്. എങ്കിലും സ്വയം തന്റെ തലമുറകളെ സൃഷ്ടിക്കാന്‍ കഴിയുന്നതും ജൈവപ്രക്രിയയിലൂടെ വളരുന്നതും അവസാനം മരിക്കുന്നതുമായ ഒന്നായിട്ടാണ് പൊതുവെയുള്ള വിലയിരുത്തല്‍. നാം കാണുന്ന ഏകകോശജീവികള്‍ അടക്കം കോടാനുകോടി വരുന്ന വിവിധ തരത്തിലുള്ള സൂക്ഷ്മജീവികളില്‍ മുതല്‍ ജീവന്‍ എന്ന പ്രതിഭാസം നമുക്ക് കാണാം. പക്ഷേ നമുക്ക് ജീവന്‍ എന്നു കേട്ടാല്‍ ഉടന്‍ ഓര്‍മ്മ വരിക മനുഷ്യരെയും അതുപോലെയുള്ള ജീവികളെയുമാണ് എന്നു മാത്രം.
മറ്റു ഗ്രഹങ്ങളില്‍ ജീവനുണ്ടോ എന്ന് മനുഷ്യന്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. ശാസ്ത്രകല്‍പിതകഥകള്‍ മാത്രമാണ് മനുഷ്യരെപ്പോലെയുള്ള ജീവികളെ നിലവില്‍ കാര്യമായി അന്വേഷിക്കുന്നത്. എന്നാല്‍ ശാസ്ത്രലോകത്തിന്റെ അന്വേഷണം ഭൂമിക്കു പുറത്തു കാണാന്‍ സാധ്യതയുള്ള സൂക്ഷ്മജീവികളെക്കുറിച്ചാണ്. വലിയ ജീവികളെക്കാള്‍ മറ്റൊരിടത്ത് കാണാന്‍ സാധ്യതയുള്ളത് സൂക്ഷ്മജീവികളാവും എന്ന നിഗമനമാണ് ഇതിന് അടിസ്ഥാനം. ഭൂമിയുടെ അടുത്ത ഗ്രഹമായ ചൊവ്വയില്‍ ഇറങ്ങിയ പല പേടകങ്ങളും അന്വേഷിച്ചത് ഇത്തരത്തില്‍ ഉള്ള ജീവനെയാണ്. ജീവന്‍ നിലനില്‍ക്കാന്‍ വേണ്ട അടിസ്ഥാനകാര്യങ്ങള്‍ എന്തൊക്കെയാണ് എന്നു ചോദിച്ചാല്‍ നാം എന്തു മറുപടി പറയും.
ജലം, ഓക്സിജന്‍ എന്നാവും മിക്കവരുടെയും ഉത്തരം. പക്ഷേ ഓക്സിജന്‍ എന്നത് ജീവന്‍ ഉണ്ടാവാന്‍ വേണ്ട അടിസ്ഥാനഘടകം അല്ല എന്നതാണ് സത്യം. ചില ജീവികളെ സംബന്ധിച്ചിടത്തോളം ഓക്സിജന്‍ വിഷംപോലുമാണ്. ഓക്സിജന്‍ ഉണ്ടായാല്‍ മരണമടയുന്ന ജീവികള്‍ നമ്മുടെ ഈ ഭൂമിയില്‍ പണ്ടും ഉണ്ടായിട്ടുണ്ട് ഇപ്പോഴും ഉണ്ട്. പരിണാമപഠനവും ഭൗമശാസ്ത്രപഠനവും സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂമിയില്‍ ഓക്സിജന്റെ അളവ് വളരെ വളരെ കുറവായിരുന്നു എന്ന്. ഓക്സിജന്‍ ഇല്ലാതെയാണ് ഭൂമിയില്‍ ജീവന്റെ ഉത്പത്തി തന്നെ നടന്നത് പിന്നീട് പരിണമിച്ചുണ്ടായ ചില സൂക്ഷ്മജീവികള്‍ ഫോട്ടോസിന്തസിസ് ഉപയോഗിച്ച് ഊര്‍ജ്ജമുണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് ഓക്സിജന്‍ പുറത്തുവിടുന്ന ജീവികള്‍ വരുന്നത്.
ഭൂമിയില്‍ അതോടെ ഓക്സിജന്റെ അളവ് പതിയെ കൂടാന്‍ തുടങ്ങി. ഓക്സിജന്റെ അഭാവത്തില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ജീവികളില്‍ പലതും അതോടെ ഇല്ലാതാവുകയും ചെയ്തു. എങ്കിലും അവയില്‍ പലതും പല പരിണാമങ്ങള്‍ക്കും വിധേയമായി ഇപ്പോഴും ഭൂമിയിലുണ്ട്. ഏതാണ്ട് ഒരു വര്‍ഷത്തോളം മുന്‍പാണ് രസകരമായ ഒരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നത്. നാസയുടെ സ്ഥാപനമായ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ചില ശാസ്ത്രജ്ഞര്‍ കുറച്ചു വര്‍ഷങ്ങളായി നടത്തിയ ഒരു പഠനം. നാഞ്ഞൂറ് കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ ജീവനുണ്ടായ അവസ്ഥയെ, അന്നത്തെ കാലാവസ്ഥയെ ഒക്കെ ലാബില്‍ പുനസൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്തത്. അമിനോ ആസിഡുകള്‍ എന്ന ജീവന്റെ ഇഷ്ടികകളെ കൃത്രിമമായി നിര്‍മ്മിച്ചെടുക്കാന്‍ ഈ പരീക്ഷണത്തിനു കഴിഞ്ഞു. അത്യാവശ്യം വാര്‍ത്താപ്രാധാന്യം ഒക്കെ ഈ റിപ്പോര്‍ട്ടിന് കിട്ടുകയും ചെയ്തു.
ഭൂമിയില്‍ ജീവന്റെ ഉത്പത്തിയെക്കുറിച്ചുള്ള പഠനങ്ങള്‍ മറ്റു ഗ്രഹങ്ങളിലെ ജീവന്‍ തിരയുന്നതിന് സഹായിക്കും. ഭൂമിയില്‍ ജീവന്‍ ഉരുത്തിരിയാന്‍ ഉണ്ടായ സാഹചര്യം മനസ്സിലാക്കിയാല്‍ മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് എളുപ്പം മനസ്സിലാക്കാം. ഭൂമിയില്‍ ഏതെല്ലാം സാഹചര്യങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നു എന്ന പഠനവും പ്രധാനമാണ്. അത്തരം ചില പഠനങ്ങള്‍ നമ്മെ ഏറെ അമ്പരിപ്പിച്ചിട്ടുണ്ട്.കടലിന്റെ അടിത്തട്ടില്‍ ചിലയിടത്ത് അഗ്നിപര്‍വ്വതങ്ങളുടെ സാന്നിദ്ധ്യമുണ്ട്. കടലിന്റെ അടിത്തട്ടിലെ പല വിടവിലൂടെയും ഈ ചുട് പുറത്തേക്കുവരും. അതു കാരണം ആ ഭാഗത്തെ കടല്‍വെള്ളത്തിനും നല്ല ചൂടുകാണും. അറുപത് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 450ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെയാണ് പലയിടത്തും വെള്ളത്തിന്റെ ചൂട് ഉയരുക. കടലിന്റെ അടിത്തട്ടില്‍ ആയതിനാല്‍ വളരെ ഉയര്‍ന്ന മര്‍ദ്ദത്തിലാവും വെള്ളം. അതിനാല്‍ത്തന്നെ ഈ ഉയര്‍ന്ന താപനിലയില്‍പ്പോലും വെള്ളം വെള്ളമായിത്തന്നെ തുടരും. കരയില്‍ വെറും നൂറ് ഡിഗ്രി സെല്‍ഷ്യസില്‍ വെള്ളം തിളയ്ക്കും.
പക്ഷേ കടലിന്നടിയിലെ മര്‍ദ്ദത്തില്‍ അതിലും വളരെ കൂടിയ താപനിലയില്‍പ്പോലും വെള്ളം തിളയ്ക്കണമെന്നില്ല. അത്യധികം ചൂടും മര്‍ദ്ദവും ഉള്ള ഇടം. അഗ്നിപര്‍വതങ്ങളിലെയും മറ്റും ചൂട് പുറത്തുവരുന്ന ഇത്തരം ഇടങ്ങള്‍ക്ക് പറയുന്ന പേര് ഹൈഡ്രോതെര്‍മല്‍ വെന്റ് എന്നാണ്. അല്പം ചൂടുള്ള വെള്ളം കൈയില്‍ വീണാല്‍ വരെ നമുക്ക് പൊള്ളലേല്‍ക്കാം. 50ഡിഗ്രിയൊക്കെ കഴിയുമ്പോഴേ അയ്യോ ചൂട്, പൊള്ളുന്നു എന്നു പറയുന്നവരാണു നാം. അങ്ങനെയുള്ള നമുക്ക് 100ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ ജീവിക്കാനാവുമോ? ഒരിക്കലും കഴിയില്ല. പക്ഷേ 110ഡിഗ്രി സെല്‍ഷ്യസില്‍വരെ ഒരു കൂസലുമില്ലാതെ കഴിയുന്ന ചില ജീവികള്‍ കടലിലുണ്ട്. ഹൈഡ്രോതെര്‍മല്‍ വെന്റുകളിലെ ഉയര്‍ന്ന ചൂടില്‍ ഒരു കുഴപ്പവുമില്ലാതെ സുഖിച്ചു കഴിയുന്നവര്‍.
സൂക്ഷ്മജീവികള്‍ മുതല്‍ വിരകള്‍പോലെയുള്ള ജീവികളെ വരെ നമ്മള്‍ അവിടെ കണ്ടെത്തിയിട്ടുണ്ട്. കടലിന്റെ അടിയിലെ ഉന്നതമര്‍ദ്ദത്തില്‍ ജീവിക്കുന്ന ഒട്ടേറെ ജീവികളെക്കുറിച്ച് നമുക്ക് ഒത്തിരിക്കാലം മുന്‍പേ അറിയാം. മനുഷ്യര്‍ക്കൊന്നും അല്പംപോലും താങ്ങാന്‍ കഴിയാത്ത മര്‍ദ്ദത്തിലും സുഖസുന്ദരമായി ജീവിക്കുന്ന അനേകമനേകം ജീവികള്‍. ഇനി മറ്റൊരു ചോദ്യം. ആസിഡില്‍ ജീവിക്കാന്‍ പറ്റുമോ. ഒറ്റനോട്ടത്തില്‍ ഇല്ല എന്നേ പറയൂ. പക്ഷേ നല്ല അസിഡിക് ആയ ഇടങ്ങളില്‍ സസുഖം വാഴുന്ന ബാക്റ്റീരിയകള്‍ ഭൂമിയിലുണ്ട്. അതേപോലെ തന്നെ ആല്‍ക്കലിക്ക് ആയ ഇടങ്ങളില്‍ ജീവിക്കുന്നവര്‍, ഓക്സിജന്‍ വേണ്ടാത്ത ജീവികള്‍, കൊടിയ തണുപ്പില്‍ ജീവിക്കുന്ന ജീവികള്‍, അണുനാശിനി എന്നു കരുതുന്ന അള്‍ട്രാവൈലറ്റ് പ്രകാശത്തെ പ്രതിരോധിക്കുന്ന ജീവികള്‍, ഉയര്‍ന്ന തോതിലുള്ള റേഡിയോ ആക്റ്റിവിറ്റിയെപ്പോലും മറികടന്ന് ജീവിക്കുന്ന ജീവികള്‍, നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും മഞ്ഞിനടിയില്‍ ഉറങ്ങിക്കിടന്ന ജീവികള്‍.
അങ്ങനെ മനുഷ്യന് സാധിക്കാത്ത പലതരം സാഹചര്യങ്ങളില്‍ സുഖമായി ജീവിക്കുന്ന ജീവികളെ നാം ഭൂമിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ചങ്ങാതിയെ ഒന്നു പരിചയപ്പെടാം. പേര് ടാര്‍ഡിഗ്രാഡ. പല ഇനം ടാര്‍ഡിഗ്രാഡകള്‍ ഉണ്ട്. ദശാബ്ദങ്ങളോളം വെള്ളവും ഭക്ഷണവും ഇല്ലാതെ കഴിയാന്‍ ഇവയ്ക്കാവും. കൊടിയ തണുപ്പും വളരെ ഉയര്‍ന്ന ചൂടും പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ട്. ഓക്സിജന്‍ വളരെക്കുറഞ്ഞ അന്തരീക്ഷത്തിലും ജീവിക്കും. എന്തിനേറെ, ബഹിരാകാശത്തെ പ്രതികൂല സാഹചര്യങ്ങളെപ്പോലും പ്രതിരോധിക്കാന്‍ കഴിവുണ്ട് എന്നു കണ്ടെത്തിയ ആദ്യജീവി കൂടിയാണ് ടാര്‍ഡിഗ്രാഡ. 2007ല്‍ എഛഠഛചങ3 എന്നൊരു ദൗത്യത്തില്‍ കുറെ ടാര്‍ഡിഗ്രാഡകളെ ഉണക്കി ബഹിരാകാശത്തേക്കയച്ചു. പത്തുദിവസം ബഹിരാകാശം കാണിച്ച ടാര്‍ഡിഗ്രാഡകളെ പിന്നീട് തിരികെ ഭൂമിയിലെത്തിച്ചു.
അതിശയകരമെന്തെന്നാല്‍ അല്പം നനവ് തട്ടിയപ്പോള്‍ അവരില്‍ പലരും ഉണര്‍ന്നു. ചിലര്‍ പുതിയ തലമുറയ്ക്ക് ജന്മം നല്‍കുകപോലും ചെയ്തു. ശൂന്യതയെയും ഉയര്‍ന്ന റേഡിയേഷനെയുമെല്ലാം പ്രതിരോധിക്കാന്‍ പല ടാര്‍ഡിഗ്രാഡകള്‍ക്കും കഴിഞ്ഞു എന്നത് അത്ഭുതത്തോടെയാണ് ശാസ്ത്രജ്ഞര്‍ വീക്ഷിച്ചത്. എന്തൊരുതരം ജീവികള്‍ അല്ലേ! എക്സ്ട്രിമോഫൈലുകള്‍ എന്നാണ് ഇവയെ പൊതുവില്‍ വിളിക്കുക. ഇത്തരം ജീവികളെക്കുറിച്ച് കൂടുതല്‍ പഠിച്ചത് ഏറ്റവും ഗുണം ചെയ്തത് ഭൂമിക്കു പുറത്ത് ജീവനെ അന്വേഷിക്കുന്നവര്‍ക്കായിരുന്നു. ഭൂമിയെപ്പോലെ അതേ സാഹചര്യം ഉള്ള ഗ്രഹങ്ങളിലും ഗോളങ്ങളിലും മാത്രം ജീവനെ അന്വേഷിക്കുന്ന പരിപാടി ഇപ്പോള്‍ ഇല്ല. എത്ര സങ്കീര്‍ണ്ണമായതും പ്രതികൂലമായതും ആയ ഇടങ്ങളിലും ജീവന്‍ കണ്ടേക്കാം. ഭൂമിയിലെ എക്സ്ട്രിമോഫൈലുകള്‍ തന്നെയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. ജലംപോലുമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ജീവികളും ഒരുപക്ഷേ പ്രപഞ്ചത്തില്‍ ഉണ്ടായേക്കാം എന്നു പറഞ്ഞാല്‍പ്പോലും അത് അതിശയോക്തി ആവണമെന്നില്ല. അത്രത്തോളം വൈവിധ്യപൂര്‍ണ്ണമാണ് ജീവന്‍.
ചൊവ്വയിലും വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലുമൊക്കെ ജീവനെ അന്വേഷിക്കാന്‍ അതിനാല്‍ത്തന്നെ നമുക്ക് ധൈര്യമായി ഇറങ്ങിത്തിരിക്കാം. യൂറോപ്പയുടെ മഞ്ഞുപാളികളുടെ അടിയില്‍ ദ്രവരൂപത്തിലുള്ള ജലം ഉണ്ടെന്നാണ് നിഗമനം. അതു ശരിയാണെങ്കില്‍ അവിടെ ഏതെങ്കിലും തരത്തിലുള്ള ജീവന്‍ ഉണ്ടാവാനുള്ള സാധ്യത ഏറെയേറെയാണ്. ഭൂമിയില്‍ കാണുന്ന തരത്തിലുള്ള ജീവന്‍ ആകണമെന്നു നിര്‍ബന്ധമില്ല എന്നേയുള്ളൂ. വലിയ കണ്ണുള്ള, വലിയ ശരീരമുള്ള, ഏതാണ്ട് മനുഷ്യനെപ്പോലെയുള്ള ജീവികളൊക്കെ തത്ക്കാലം ശാസ്ത്രകല്പിതകഥകളില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. പക്ഷേ അങ്ങനെയൊന്ന് മറ്റൊരിടത്ത് ഉണ്ടാവില്ല എന്നൊന്നും പറഞ്ഞുകൂടാ.
മനുഷ്യനെക്കാള്‍ ബുദ്ധിയും കഴിവും ശാസ്ത്രസാങ്കേതികമികവും ഉള്ള ജീവികള്‍ പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും കണ്ടേക്കാം. പക്ഷേ അങ്ങനെയുള്ളവരെ അന്വേഷിക്കുന്നതിലും എളുപ്പമാണ് നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും സൂക്ഷ്മജീവികളെ അന്വേഷിക്കുന്നത്. ഒരുപക്ഷേ ജീവന്‍ എന്ന നമ്മുടെ സങ്കല്പത്തെത്തന്നെ ഉടച്ചുകളഞ്ഞേക്കാവുന്ന കണ്ടെത്തലുകള്‍ അത്തരം ഇടങ്ങളില്‍നിന്ന് ലഭിച്ചേക്കാം. ചൊവ്വയിലും യൂറോപ്പയിലും ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലും ഒക്കെ ജീവനെ അന്വേഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് ഭൂമിയിലെ എക്സ്ട്രിമോഫൈലുകള്‍ തന്ന ആത്മവിശ്വാസവും അറിവുമാണ്. ചുരുക്കത്തില്‍ ജീവനെ അന്വേഷിക്കല്‍ ഒരിക്കലും ഒരു ഇട്ടാവട്ടത്തിലേക്ക് ചുരുക്കേണ്ടതല്ല. വലിയ വ്യാപ്തിയുള്ളതാണ് ആ അന്വേഷണം. നാമറിയാത്ത, നമ്മെ അത്ഭുതപ്പെടുത്തുന്ന. നമ്മുടെ ചിന്തകളെ കൂടുതല്‍ വിശാലമാക്കുന്ന ഒരു കണ്ടെത്തല്‍ പ്രതീക്ഷിക്കുന്ന അന്വേഷണം.