കൊച്ചി: കേരളം ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് കിച്ചണ്‍ അപ്ലയന്‍സ് രംഗത്തെ പ്രമുഖ കമ്പനിയായ സണ്‍ഫ്ളെയിം എന്റര്‍പ്രൈസസിനെ ഏറ്റെടുക്കുന്നു. വി ഗാര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ ഏറ്റെടുക്കലാണിത്. 660 കോടി രൂപയുടേതാണ് ഇടപാട്. അടുത്ത മാസം പകുതിയോടെ ഇടപാട് പൂര്‍ത്തിയാകും.
സണ്‍ഫ്ളെയിമിന്റെ കടബാധ്യതകളോ മിച്ചധനമോ ഏറ്റെടുക്കില്ല. ഡല്‍ഹിക്ക് സമീപം ഫരീദാബാദ് ആസ്ഥാനമായി 1984ല്‍ തുടങ്ങിയ സണ്‍ഫ്ളെയിമിന്റെ പ്രധാന ഉത്പന്നങ്ങള്‍ കുക്ക്ടോപ്പ്, ചിമ്മിനി, പ്രഷര്‍ കുക്കര്‍, മിക്സി, മറ്റു ചെറു അപ്ലയന്‍സസുകള്‍ എന്നിവയാണ്. 350 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ്.
കിച്ചണ്‍ അപ്ലയന്‍സ് രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സണ്‍ഫ്ളെയിമിനെ ഏറ്റെടുക്കുന്നതെന്ന് വി-ഗാര്‍ഡ് മാനേജിങ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. നാലര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള വി-ഗാര്‍ഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ് 3,498 കോടി രൂപയാണ്.
വി ഗാര്‍ഡ് എന്ന വിശ്വസ്ത ബ്രാന്‍ഡിന്റെ ഭാഗമാകുന്നതോടെ സണ്ഫ്ളെയിമിന് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സണ്‍ഫ്ളെയിം എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ കൃഷ്ണന് ലാല്‍ വര്‍മ പറഞ്ഞു. ഡെലോയ്റ്റ്, സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ്, സിംഗി അഡൈ്വസേഴ്സ് എന്നിവയാണ് വി-ഗാര്‍ഡിനു വേണ്ടി ഇടപാടിന് നേതൃത്വം നല്‍കിയത്.