ഹുറണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച 500 കമ്പനികളുടെ പട്ടികയില്‍ 20 ഇന്ത്യന്‍ കമ്പനികള്‍. വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഈ നേട്ടം. ആഗോള തലത്തില്‍ ഏറ്റവും മൂല്യം കൂടിയ 500 കമ്പനികളുടെ വിവരങ്ങളാണ് പട്ടികയില്‍ ഉള്ളത്. പട്ടികയില്‍ ഇന്ത്യയില്‍ നിന്നും 20 കമ്പനികള്‍ ഉള്‍പ്പെട്ടതോടെ യു എസ്, ചൈന, യു കെ, ജപ്പാന്‍ എന്നിവയ്ക്ക് പിന്നിലായി അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ. ഈ വര്‍ഷം നാല് റാങ്കുകള്‍ ഉയര്‍ത്തിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഒന്നാമത് എത്തിയത് 202 ബില്യണ്‍ ഡോളര് മൂല്യമുള്ള മുകേഷ് അംബാനിയുടെ റിലയന്‍് ഇന്‍ഡസ്ട്രീസാണ്. ആഗോള തലത്തില്‍ റിലയന്‍സ് 34-ാം സ്ഥാനത്താണ്. അതേസമയം 139 ബില്യണ്‍ മൂല്യമുള്ള ഐടി സ്ഥാപനമായ ടി സി എസാണ് ഇന്ത്യയില്‍ നിന്നും പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയ സ്ഥാപനം. ആദ്യ 100ല്‍ ഇടം നേടിയത് ഈ രണ്ട് സ്ഥാപനങ്ങളുമാണ്. രാജ്യത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് പട്ടികയില്‍ ഇന്ത്യയില്‍ നിന്നും മൂന്നാമത്തെ കമ്പനിയായി.
ഇന്ത്യയിലെ മുന്‍നിര കമ്പനികളിലൊന്നായ അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നി കമ്പനികളാണ് പട്ടികയില്‍ പെട്ടത്. അതേസമയം ഏറ്റവും മൂല്യം ഉള്ള കമ്പനികള്‍ അമേരിക്കന്‍ കമ്പനികളാണ്. ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ്, ആമസോണ്‍, ടെസ്ല എന്നിവയാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്ഥാപനങ്ങള്‍.