തിരുവനന്തപുരം. കെ എസ് ഇ ബിയിലെ പെന്‍ഷന്‍ ബാധ്യത 2013ലെ 12419 കോടിയില്‍ നിന്നും 29657 കോടിയായി ഉയര്‍ന്നു. പെന്‍ഷന്‍ ബാധ്യത വലിയ തോതില്‍ ഉയര്‍ന്നതോടെ കടപ്പത്രം ഇറക്കുവാനുള്ള അനുമതിക്കായി കെ എസ് ഇ ബി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. പെന്‍ഷന് ബാധ്യതയില്‍ 17238 കോടിയാണ് വര്‍ധിച്ചിരിക്കുന്നത്. പണം കണ്ടെത്തുവാന്‍ ഏകദേശം 11200 കോടിയുടെ കടപ്പത്രം ഇറക്കുവനാണ് കെ എസ് ഇ ബിയുടെ തീരുമാനം. ഈ കടപ്പത്രങ്ങളുടെ മുതലും പലിശയും വൈദ്യുതിനിരക്കിലൂടെ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുവനാണ് കെ എസ് ഇ ബിയുടെ തീരുമാനം.
കെ എസ് ഇ ബിയില്‍ വലിയ തോതില്‍ പെന്‍ഷന്‍ ബാധ്യത വര്‍ധിക്കുന്നത് നിരക്ക് വര്‍ധനയ്ക്ക് കാരണമാകും. സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെങ്കില്‍ 2025 2026 മുതല്‍ കെ എസ് ഇ ബിയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് വിവരം. 2013ല്‍ ബോര്‍ഡ് കമ്പനിയാക്കിയപ്പോള് നിലവിലെ പെന്‍ഷന്‍കാര്‍ക്കും തുടര്‍ന്നും പെന്‍ഷനാകാനിരിക്കുന്നവര്‍ക്ക് ഭാവിയിലും പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിയുള്ള തുക 12419 കോടിയാണെന്നാണ് കണക്കാക്കിയത്. ഇതിനായി ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഉണ്ടാക്കിയ മാസ്റ്റര്‍ ട്രസ്റ്റില്‍ ഇതിനുള്ള പണം നിക്ഷേപിക്കണം.
കെ എസ് ഇ ബിയുടെ വിഹിതമായി അന്ന് 11800 കോടി രുപ കണ്ടെത്തുവാന്‍ കടപ്പത്രം ഇറക്കിയിരുന്നു. വൈദ്യുത ഡ്യൂട്ടി 10 വര്‍ഷത്തേക്ക് കെ എസ് ഇ ബിയുടെ കൈവശം വയ്ക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഈ അനുമതി 2023ല്‍ അവസാനിക്കാന്‍ ഇരിക്കെ ഇത് നീട്ടണമെന്നും കെ എസ് ഇ ബി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മാസ്റ്റര്‍ ട്രസ്റ്റിലേക്ക് കെ എസ് ഇ ബി പണം നിക്ഷേപക്കുവാന്‍ വൈകിയാല്‍ 24 ശതമാനമാണ് പലിശ ഇത് 12 ശതമാനമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കെ എസ് ഇ ബി ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതി ഡ്യൂട്ടി പിരിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും അത് ട്രസ്റ്റില്‍ അടയ്ക്കുന്നില്ല.