കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെവന്നപ്പോള്‍ രാജ്യത്തിന് നഷ്ടം 92,570 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. വായ്പ എടുത്ത് മുങ്ങിയ 50 പ്രമുഖരുടെ വിവരങ്ങളാണ് ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് ലോക്സഭയെ അറിയിച്ചത്. ഗീതാഞ്ജലി ജെംസ് ഉടമ മെഹല്‍ ചോക്സിയാണ് വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവരില്‍ മുന്നില്‍. റിസര്‍വ് ബാങ്ക് രേഖകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ലോക്സഭയില്‍ വെച്ചത്.
7,848 കോടിയാണ് മെഹല്‍ ചോക്സി തിരിച്ചയ്ക്കുവാന്‍ ഉള്ളത്. ഇറ ഇന്‍ഫ്ര 5,879 കോടിയും റെയ്ഗോ അഗ്രോ 4,803 കോടിയും വായ്പ കുടിശിക വരുത്തിയിട്ടുണ്ട്. തിരിച്ചടയ്ക്കുവാന്‍ ആസ്തികള്‍ ഉണ്ടായിട്ടും മനപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത്. കോണ്‍കാസ്റ്റ് സ്റ്റാല്‍ ആന്‍ഡ് പവര്‍ 4,596 കോടിയും, എ ബി ജി ഷ്പ്യാര്‍ഡ് 3,708 കോടി, ഫ്രോസ്റ്റ് ഇന്റര്‍നാഷനല്‍ 3,311 കോടി, വിന്‍ഡ്സം ഡയമണ്ട്സ് 2,931 കോടി, റോട്ടോമാക് ഗ്ലോബല്‍ 2,893 കോടി, കോസ്റ്റല്‍ പ്രൊജക്ട്സ് 2,311 കോടി, സൂം ഡവലപ്പേഴ്സ് 2,147 കോടിയും വായ്പ കുടിശിക വരുത്തിയിട്ടുണ്ടെന്നാണ് രേഖകളില്‍ പറയുന്നത്.
പൊതുമേഖല ബാങ്കുകളുടെ നിഷ്ക്രീയ ആസ്തി 5.41 ലക്ഷം കോടിയായി. നേരത്തെ ഇത് 8.9 ലക്ഷം കോടിയായിരുന്നു. 10.1 ലക്ഷം കോടിയുടെ വായ്പ എഴുതി തള്ളിയതായി കേന്ദ്ര മന്ത്രി പറഞ്ഞു. എസ് ബി ഐയാണ് ഏറ്റവും കൂടുതല്‍ വായ്പ തുക എഴുതി തള്ളിയത്.