രാജ്യത്തെ സിനിമ വ്യവസായത്തില്‍ വലിയ കുതിച്ച് ചാട്ടം നടത്തുന്ന സിനിമ മേഖലയാണ് തെന്നിന്ത്യയിലേത്. 2022-ല്‍ ഏറ്റവും വലിയ വിജയങ്ങള്‍ നേടിയ മുന്‍നിര ചിത്രങ്ങള്‍ എല്ലാം തെലുങ്ക്, കന്നട, തമിഴ് ചിത്രങ്ങളായിരുന്നു. അതേസമയം ബോളിവുഡില്‍ അത്ര നല്ല സമയം അല്ല. ഇറങ്ങിയ ചിത്രങ്ങള്‍ എല്ലാം വമ്പന്‍ പരാജയമായി.
ബോളിവുഡില്‍ കോടികള്‍ മുതല്‍ മുടക്കുമായി എത്തിയ വമ്പന്‍ ചിത്രങ്ങള്‍ തീയറ്ററില്‍ തകര്‍ന്ന് അടിയുന്ന കാഴ്ചകളായിരുന്നു സിനിമ പ്രേമികള്‍ കണ്ടത്. അമീര്‍ ഖാന് ചിത്രം, അക്ഷയ് കുമാര്‍ ചിത്രം, രണ്‍ബീര്‍ കപൂര്‍ ചിത്രം തുടങ്ങി പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ചിത്രങ്ങള്‍ എല്ലാം ബോളിവുഡില്‍ തകര്‍ന്ന് അടിഞ്ഞിരുന്നു.
എന്നാല്‍ ഈ തകര്‍ച്ചയില്‍ നിന്നും ബോളിവുഡിനെ പിടിച്ച് നിര്‍ത്തിയതാകട്ടെ ഏതാനം ചില ചിത്രങ്ങള്‍ മാത്രം. അതേസമയം തെലുങ്ക് ചിത്രങ്ങള്‍ വന്‍ വിജയം നേടുകമാത്രമല്ല വലിയ പ്രശംസ നേടുകയും ചെയ്തു. ആര്‍ആര്‍ആര്‍. സീതാരാമം,ഗോഡ്ഫാദര് തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയങ്ങള്‍ ആയിരുന്നു.
ബോളിവുഡില്‍ പരാജയം തുടരുമ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തേക്ക് എത്തുകയാണ് ബോളിവുഡ് നടി നടന്മാര്. തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പാന്‍ ഇന്ത്യന്‍ റീച്ചാണ് അതിന് കാരണം. നേരത്തെ സല്മാന് ഖാന് ഗോഡ്ഫാദറില് അഭിനയിച്ചിരുന്നു. ഇപ്പോള്‍ അമീര്‍ ഖാനും തെലുങ്കിലേക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ നടന് ആമിര്‍ ഖാന് ഉടന്‍ തന്നെ ടോളിവുഡില്‍ അരങ്ങേറ്റം നടത്തും. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു സുപ്രധാനവേഷത്തില്‍ ആമിര്‍ ഖാന് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂനിയര്‍ എന്‍ടിആറിന്റെ 31-ാമത് ചിത്രമായിരിക്കും ഇത്.
ജൂനിയര്‍ എന്‍ടിആറിന് ഒപ്പം പ്രാധാന്യമുള്ള കഥാപാത്രമാവും ആമിറിന്റേത് എന്നാണ് സൂചന. അതേസമയം നിലവില്‍ പ്രഭാസിനെ നായകനാക്കി സലാര്‍ എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ് പ്രശാന്ത് നീല്‍. പൃഥ്വിരാജ് സുകുമാരന്‍, ജഗപതി ബാബു, ശ്രുതി ഹാസന് എന്നിവരാണ് സലാറിലെ മറ്റുപ്രധാന വേഷങ്ങളില്‍.