സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ പി ജയരാജന്‍ ഒഴിവാക്കുന്നു. ഇ പി ജയരാജനോട് അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചതായിട്ടാണ് വിവരം. പി ജയരാജനോട് ആരോപണം പരാതിയായി എഴുതി നല്‍കുവാന്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
ഇതില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ഉറപ്പായതോടെയാണ് എല്‍ ഡി എഫ് കണ്‍വീര്‍ സ്ഥാനത്ത് നിന്നും മാറുവാന്‍ ഇ പി ജയരാജന്‍ തീരുമാനിച്ചത്. അതേസമയം വെള്ളിയാഴ്ച ചേരുന്ന സി പി എം സെക്രട്ടറിയേറ്റിലും ഇ പി പങ്കെടുക്കില്ല. വിഷയത്തില്‍ കേന്ദ്ര നേതൃത്വവും ഇടപെട്ടിരുന്നു. തിങ്കളാഴ്ച ചേരുന്ന പി ബി യോഗം ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയെ മറയാക്കി ഇ പി കോടികളുടെ അഴിമതി നടത്തിയെന്നാണ് പി ജയരാജന്റെ ആരോപണം. കേന്ദ്ര കമ്മറ്റി അംഗത്തിന് എതിരെയുള്ള പരാതികള്‍ സ്വീകരിക്കേണ്ടത് പി ബിയാണ് ഇതാണ് വിഷയം ചര്‍ച്ച ചെയ്യുവാന്‍ പി ബി യോഗം തീരുമാനിച്ചത്. ഇ പിയുടെ മകന്‍ ജയ്‌സണും സുഹൃത്തും ചേര്‍ന്നാണ് റിസോര്‍ട്ട് നിര്‍മിച്ചത്.
അതേസമയം ഇ പി ജയരാജനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഇ ഡി അന്വേഷണം നടത്തേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. ആരോപണത്തില്‍ പാര്‍ട്ടിക്കുള്ളിലെ അന്വേഷണമല്ല വേണ്ടത് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. റിസോര്‍ട്ടില്‍ പങ്കില്ലെന്ന് പറയുന്ന ഇ പി ഭാര്യയുടെയും മകന്റെയും ഉറവിടം വ്യക്തമാക്കണം.
സി പി എമ്മിന് ഉള്ളില്‍ അന്വേഷണം നടത്തി ഒതുക്കി തീര്‍ക്കുവാനാണ് ശ്രമം. ജനങ്ങളെ കബളിപ്പിക്കുവാന്‍ സമ്മതിക്കില്ല. സ്വാഭാവികമായി ഇവിടെ ഇ ഡി അന്വേഷണം വരുമെന്നും അദ്ദേഹം പ്രതികരിച്ചു.