ആശങ്ക പടര്‍ത്തി ചൈനയില്‍ അതിവേഗത്തില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബി എഫ്- 7 പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയില്‍ കോവിഡ് അതിരൂക്ഷമായതോടെ ഇന്ത്യയിലും യു എസിലും അടക്കം പ്രതിരോധ നടപടികള്‍ ശക്തമാക്കി. അതേസമയം ഇന്ത്യയിലും അമേരിക്കയിലും അടക്കം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായിട്ടാണ് വിവരം. പ്രതിരോധം ശക്തമാക്കുന്നതോടെ കോവിഡിനെ ചെറുക്കുവാന്‍ സാധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിലയത്തിന്റെ വിലയിരുത്തല്‍.
ചൈനയില്‍ കോവിഡ് പടരുന്നതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. റാന്‍ഡം പരിശോധനയായിരിക്കും നടത്തുക. എന്നാല്‍ ഇങ്ങനെ നടത്തുമ്പോള്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ യാത്രക്കാരെ എല്ലാം പരിശോധിക്കും. തുടര്‍ന്ന് കോവിഡ് ബാധിച്ചവരെ നിരീക്ഷണത്തിലാക്കുവനാണ് തീരുമാനം. പോസിറ്റീവ് ആകുന്ന സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് ഇന്‍സാകോഗ് ലാബുകളിലേക്ക് അയക്കുവാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
അതേസമയം ബൂസ്റ്റര്‍ ഡോസ് എല്ലാവരും സ്വീകരിക്കണമെന്നും മുതിര്‍ന്ന പൗരന്‍മാര്‍ ഉടന്‍ തന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നുമാണ് നിര്‍ദേശം. ഗുജറാത്തില്‍ യു എസില്‍ നിന്ന് എത്തിയ ഇന്ത്യന്‍ വംശജയ്ക്കും വിദേശത്ത് നിന്നും അഹമ്മദാബാദില്‍ എത്തിയ പുരുഷനും പുതിയ വകഭേദം കണ്ടെത്തി. ശക്തമായ അണുബാധയും അതിവേഗ വ്യാപനത്തിനും ബി എഫ്- 7ന് ശേഷിയുണ്ട്.
വാക്‌സിന്‍ എടുത്താലും രോഗം വരാന്‍ സാധ്യതയുണ്ട്. അമേരിക്കയില്‍ അഞ്ച് ശതമാനവും യു കെയില്‍ 7.26 ശതമാനവും പുതിയ വകഭേദമായ ബി എഫ് 7 കേസുകളാണ്. അതേസമയം ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങ്ങിൽ 40 ശതമാനം ആളുകളും കോവിഡ് ബാധിതരാണ്.