കേരളത്തില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുരുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. അതേസമയം സോഷ്യല്‍ മീഡിയയില്‍ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയെക്കുറിച്ചാണ് ചര്‍ച്ച. ആറാം ക്ലാസ് വിദ്യാര്‍ഥി അഗ്‌നിമിത്രയാണ് ദര്‍ശനയുടെ ബാല്യകാലം അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ ആ കൊച്ചു മിടുക്കി. അഗ്‌നിമിത്ര കോഴിക്കോട് സ്വദേശിനിയാണ്.
ദര്‍ശന കുട്ടിയായിരുന്നെങ്കില്‍ എങ്ങനെ ഇരിക്കുമോ അതുപോലെ തോന്നുന്നത്ര പെര്‍ഫെക്റ്റ് കാസ്റ്റിങ് ആയിരുന്നു അഗ്‌നിമിത്രയുടേത്. ഓഡിഷനില്‍ തിരഞ്ഞെടുത്ത കുട്ടിക്ക് ദര്‍ശനയുമായുള്ള സാമ്യം കണ്ട് യഥാര്‍ഥ ദര്‍ശന പോലും അതിശയിച്ചുപോയി എന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസ് പറയുന്നു.
കുട്ടിക്കാലത്തെ ദര്‍ശനയുടെ ചിത്രങ്ങള്‍ക്ക് ഇപ്പോഴത്തെ ദര്‍ശനയുമായി ഒരു സാമ്യവുമില്ലെന്നും കുട്ടിക്കാലത്തെ ഫോട്ടോ ആയി കാണിക്കാന്‍ അഗ്‌നിമിത്രയുടെ ഒരു ചിത്രമെടുത്തു സൂക്ഷിക്കൂ എന്നു ദര്‍ശനയോട് പറഞ്ഞെന്നും വിപിന്‍ ദാസ് പറഞ്ഞു. ജയ ജയ ജയ ജയ ഹേയുടെ ഓഡിഷന്‍ നടക്കുമ്പോള്‍ ദര്‍ശനയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഒരു കുട്ടിയെ വേണമെന്ന് പറഞ്ഞിരുന്നു. രണ്ടുമൂന്നു കുട്ടികള്‍ വന്നതില്‍ നിന്നാണ് കോഴിക്കോട് സ്വദേശിനി അഗ്‌നിമിത്രയെ തിരഞ്ഞെടുത്തത്.
ആ കുട്ടിക്ക് ദര്‍ശനയുമായുള്ള സാമ്യം കണ്ട് ദര്‍ശന ഉള്‍പ്പടെ ഞങ്ങളെല്ലാവരും അതിശയിച്ചുപോയി. ദര്‍ശനയുടെ ചെറുപ്പത്തിലെ പടങ്ങളിലൊന്നും ഇപ്പോഴത്തെ ദര്‍ശനയുടെ ഛായ ഇല്ല. ചുരുണ്ട മുടി പോലും ഇല്ല. അതുകൊണ്ട് ദര്‍ശനയുടെ കുട്ടിക്കാലം കാണിച്ചപ്പോള്‍ അഗ്‌നിമിത്രയുടെ കുഞ്ഞിലെയുള്ള ചിത്രങ്ങളാണ് ഉപയോഗിച്ചത്.
ഈ കുട്ടിയുടെ ഒരു പടമെടുത്ത് കയ്യില്‍ വച്ചോളൂ, കുട്ടിക്കാലത്തെ ഫോട്ടോ ആരെങ്കിലും ചോദിച്ചാല്‍ ഇത് കാണിക്കാം എന്ന് ഞങ്ങള്‍ ദര്‍ശനയോട് പറഞ്ഞു. അഗ്‌നിമിത്ര ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഒരു വൈമനസ്യവും കാണിക്കാതെ പറയുന്നതൊക്കെ കുട്ടി നന്നായി ചെയ്യുന്നുണ്ടായിരുന്നു- വിപിന്‍ദാസ് പറയുന്നു.
കോഴിക്കോട് സ്വദേശി ബൈജുവിന്റെയും രസ്‌നയുടെയും മൂത്ത മകളാണ് അഗ്നിമിത്ര. അഗ്നിമിത്രയും ബന്ധുവും ടികിടോക് വിഡിയോകള്‍ ചെയ്തിരുന്നു. അഭിനയത്തില്‍ അത്രമാത്രമാണ് പരിചയം എന്നാല്‍ ദര്‍ശനയുമായിട്ടുള്ള സാമ്യമാണ് ഓഡിഷന് പോകുവാന്‍ തീരുമാനിക്കുവാന്‍ കാരണമെന്ന് ബൈജു പറയുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബൈജു പറയുന്നു.