നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെല്പാടം എല്ലാവര്ക്കും ഒരു കൗതുകമാണ്. എന്നാല്‍ ആ കൗതുത്തിനെ അത്ഭുതമാക്കി മാറ്റിയിരിക്കുന്നത് നമ്പിക്കൊല്ലിയിലെ പാടത്തുവന്നാല്‍ കാണാം. വയനാട് ബത്തേരി സ്വദേശിയായ പ്രസാദാണ് നമ്പിക്കൊല്ലി പാടത്ത് യേശുക്രിസ്തുവിന്റെ രൂപത്തില്‍ കതിരുമുളപ്പിച്ചത്. പ്രസാദിന്റെ പാടത്തുവന്നാല്‍ ഗദ്സമന്‍ തോട്ടത്തില്‍ പ്രാര്‍ഥിക്കുന്ന യേശുവിനെ കാണാം. നീളമുള്ള മടിയും താടിയു നീളം കുപ്പായവും അണിഞ്ഞ് മനോഹരമായിട്ടാണ് ഈവിടെ വയലില്‍ യേശുവിനെ വളര്‍ത്തിയിരിക്കുന്നത്.
നിറങ്ങള്‍ ചാലിച്ചാണോ ചിത്രം വരച്ചിരിക്കുന്നതെന്ന് തോന്നുമെങ്കിലും വ്യത്യസ്ത നിറത്തിലുള്ള നെല്‍ച്ചെടികള്‍ പ്രത്യേകം ക്രമപ്പെടുത്തി നട്ടുവളര്‍ത്തിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ ഉയത്തിലും വലുപ്പത്തിലും നിറത്തിലുമുള്ള ചെടികള്‍ വളര്‍ത്തിയാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. 30 സെന്റ് സ്ഥലത്താണ് പാഡി ആര്‍ട്ട് എന്ന് അറിയപ്പെടുന്ന ഈ കല പ്രസാദ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യം ഉഴുത് മറിച്ച പാടത്ത് യേശുവിന്റെ ചിത്രം വരച്ചത് ചിത്രകാരനായ ഇ ഡി റെജി മാടക്കരയാണ്.
രക്തശാലി, കൃഷ്ണകൗമോദ്, വയലറ്റ് കല്യാണി, ഡാബര്‍ശാല, നാസര്‍ബാത്ത് എന്നി നെല്ലുകള്‍ മുളപ്പിച്ചെടുത്ത് ഞാറുനട്ടാണ് യേശുവിന്റെ ചിത്രം വരച്ചത്. നെല്ല് പാടം കാണുവാന്‍ നിരവധി പേരാണ് എത്തുന്നത്. നെല്ല് മൂപ്പെത്താനെടുക്കുന്ന രണ്ട് മാസം കൂടി ഈ ചിത്രം വയലില്‍ കാണാം. 2017ലാണ് പ്രസാദ് ആദ്യമായി പാഡി ആര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ ഭൂപടായിരുന്നു അന്ന് ഒരുക്കിയത്. പിന്നീട് ഗുരുവായൂര്‍ കേശവന്, കഴുകന്, വിവേകാനന്ദന്, പ്രണയമീനുകള്‍ ശ്രീബുദ്ധന് വരെ അദ്ദേഹം സ്വന്തം പാടത്ത് സൃഷ്ടിച്ചു. 300 ഓളം നെല്‍വിത്താണ് പ്രസാദിന്റെ ശേഖരത്തില്‍ ഉള്ളത്.