കാലം കുറച്ച് പുറകോട്ട് പോകണം സ്വര്‍ണത്തിന് വില നൂറ് രുപയായിരുന്ന കാലം. തൃശ്ശൂര്‍ ജില്ലയിലെ കോടാലി സ്വദേശിയായ കര്‍ഷകന്‍ തന്റെ കൃഷിയിടത്തില്‍ വിളവെടുത്ത നാല് കിലോ മുളക് കോടാലി മുളക് ഇരിങ്ങാലക്കുട ചന്തയില്‍ വിറ്റ് ഒരു പവന്‍ സ്വര്‍ണം മേടിച്ച കഥ ഇന്നും തൃശൂരിലെ പഴമക്കാര്‍ പറയുന്നത് കേള്‍ക്കാം. കഥ പഴയതാണെങ്കിലും വിലയിലും എരിവിലും ഇന്നും കേരളത്തില്‍ മുന്നിലാണ് കോടാലി മുളക്.
ആവശ്യക്കാര്‍ ഏറെയുള്ള ഈ മുളക് ഇനത്തിന് ഇന്ന് 200 രൂപ വിലയുണ്ട്. എന്നാല്‍ കൃഷി ചെയ്യുന്നവര്‍ കുറവായതിനാല്‍ ലഭ്യത വളരെ കുറവാണ്. വില സീസണ്‍ അനുസരിച്ച് വിത്യാസം ഉണ്ടാകും. പണ്ട് മുതല്‍ തന്നെ കോടാലി മുളക് വലിയ വില നല്‍കി വാങ്ങുവാന്‍ ആളുണ്ടായിരുന്നു. തൃശൂര്‍ ജില്ലയിലെ കോടാലി ഗ്രാമത്തിന്റെ പേരിലാണ് ഈ മുളക് അറിയപ്പെടുന്നത്. മികച്ച വിളവ് തരുന്ന ഈ ഇനം മുളക് ജൈവ രീതിയില്‍ വളര്‍ത്തിയാല്‍ മാത്രമാണ് മികച്ച വിളവ് നല്‍കുക.
മണലും ചകിരിച്ചോറും ചാണകപ്പൊടിയും ചേര്‍ത്ത മിശ്രിതത്തിലാണ് വിത്ത് പാകേണ്ടത്. വിത്ത് മുളച്ച് നാല് ഇല വന്നാല്‍ പന്നി കൃഷിത്തോട്ടത്തിലേക്ക് മാറ്റാം. ഇടവിളയായി കൃഷി ചെയ്താല്‍ കര്‍ഷകനു ഇരട്ടി വരുമാനം ഉറപ്പ് തരുന്നു കോടാലി മുളക്. ഇടവിളയായിട്ടാണ് കൃഷിയെങ്കില്‍ അധിക പരിചരണവും കര്‍ഷകന് ഒഴിവാക്കാം. മൂന്ന് മാസം പ്രായം എത്തുമ്പോള്‍ മുതല്‍ വിളവെടുത്ത് നടത്താം. ഒരാഴ്ച കൂടുമ്പോള്‍ അരക്കിലോ മുളക് വിധം വിളവെടുപ്പ് നടത്താം. മഴക്കാലത്താണ് വിളവ് കൂടുതല്‍ ലഭിക്കുക. രണ്ടുവര്‍ഷം വരെ വിളവെടുക്കുകയും ചെയ്യാം കോടാലി മുളക് ചെടിയില്‍ നിന്നും.