ലോകകപ്പ് ഫൈനലിനായി ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. മെസിയുടെ മാന്ത്രികതയില്‍ അര്‍ജന്റീന വര്‍ഷങ്ങള്‍ക്ക് ശേഷം കപ്പ് ഉയര്‍ത്തുമെന്നും അതൊന്നുമല്ല എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സ് ലോകകപ്പ് നിലനിര്‍ത്തുമെന്നുമെല്ലാം ആരാധകര്‍ പ്രവചിച്ച് കഴിഞ്ഞു. എന്നാല്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ അര്‍ജന്റീനയ്ക്ക് അനുകൂലമായ മുന്‍വിധിയോടെ മത്സരത്തെ കാണരുതെന്നാണ് ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസിന്റെ പ്രതികരണം.
അറേബ്യന്‍ മണ്ണില്‍ ആദ്യമായി എത്തിയ ലോകകപ്പിന്റെ ഫൈനല്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 8.30 ന് ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. എന്നാല്‍ മൊറോക്കോയെ വീഴ്ത്തിയാണ് ഫ്രാന്‍സ് ഫൈനല്‍ പോരാട്ടത്തിന് എത്തുന്നത്. ലോകകപ്പ് ഫൈനല്‍ മെസിയിലേക്ക് മാത്രം ഒതുക്കുന്നത് ശരിയല്ലെന്ന് ഹ്യൂഗോ ലോറിസ് പറഞ്ഞു.
ഇതിന് മുമ്പ് 2014ല്‍ അര്‍ജന്റീന ഫൈനല്‍ ജര്‍മനിയോട് പോരാടിയിരുന്നു. എന്നാല്‍ ജയം ജര്‍മനിക്ക് ഒപ്പമായിരുന്നു. 1986ലാണ് അര്‍ജന്റീന അവസാനമായി ലോകകപ്പ് നേടിയത്. നിരവധി വമ്പന്‍മാര്‍ വീണ് പോയെങ്കിലും ലോകകപ്പില്‍ ക്ലാസിക് പോരാട്ടത്തിനാണ് കായികലോകം കാത്തിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി ലോക ഫുട്ബോളില്‍ നിറഞ്ഞ് നില്‍ക്കുന്ന മെസ്സിയുടെ അവസാന ലോകകപ്പായിരിക്കും ഇതെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം ഫൈനലിന് മുന്നോടിയായി ഫ്രാന്‍സ് ക്യാംപില്‍ വൈറല്‍ പനി പടര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു.
ഫൈനലില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി കപ്പ് നിലനിര്‍ത്തുവനാണ് ഫ്രാന്‍സ് ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ 1962ലെ ബ്രസീലിന് ശേഷം കപ്പ് നിലനിര്‍ത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം ഫ്രാന്‍സിനെ തേടിയെത്തും. അതേസമയം 36 വര്‍ഷത്തിന് ശേഷം കീരിടം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന തയ്യാറെടുക്കുന്നത്. ഞായറാഴ്ച വൈകിട്ട് കലാപരിപാടികളോടെ ഫൈനല്‍ മത്സരത്തിന് തുടക്കമാകും. ഓര്‍ത്തിരിക്കുവാന്‍ ഒരു രാജാവ് എന്ന് ഫിഫ പേരിട്ടിരിക്കുന്ന കലാശപരിപാടികളില്‍ നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കും.