അഹമ്മദാബാദ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി ജെ പി തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തില്‍ അധികാരത്തില്‍ എത്തുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം നിരവധി കേന്ദ്ര മന്ത്രിമാരും ബി ജെ പി നേതാക്കളും പങ്കെടുക്കും. 25 ഓളം കാബിനറ്റ് മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. 1985 ല്‍ കോണ്‍ഗ്രസ് മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ നേടിയ 149 സീറ്റാണ് ഗുജറാത്തിലെ റിക്കോര്‍ഡ് ഭൂരിപക്ഷം ഇത് തിരുത്തിയാണ് ബി ജെ പി ഏഴാം തവണയും അധികാരത്തില്‍ എത്തുന്നത്.
182 അംഗ ഗുജറാത്ത് നിയമസഭയില്‍ 156 സീറ്റുകളാണ് ബി ജെ പി നേടിയത്. ഗാന്ധിനഗറില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി മൂന്ന് വേദികളാണ് ഒരുക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും നടുവിലെ സ്റ്റേജിലും വലതുവശത്തെ സ്റ്റേജില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗകര്യം ഒരുക്കും. അതേസമയം ഇടതുവശത്തെ സ്‌റ്റേജില്‍ ഗുജറാത്തിലെ ക്ഷണിക്കപ്പെട്ട 200 സന്ന്യാസികള്‍ക്ക് സൗകര്യം ഒരുക്കും. അതേസമയം വലിയ പ്രതീക്ഷകളുമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച അഞ്ച് എം എല്‍ എമാര്‍ ബി ജെ പിയില്‍ ഉടന്‍ ചേരുമെന്നാണ് വിവരം.
എ എ പിയുടെ അഞ്ച് എം എല്‍ എമാരെയും ഒപ്പം നിര്‍ത്തുവനാണ് ബി ജെ പി ശ്രമിക്കുന്നത്. മുമ്പ് മൂന്ന് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. എം എല്‍ എമാരുമായി ബി ജെ പി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. അതേസമയം ബി ജെ പിയില്‍ ചേരില്ലെന്നും ജനങ്ങളോട് ചോദിച്ച ശേഷം തീരുമാനം എടുക്കുമെന്നാണ് എ എ പി എം എല്‍ എമാര്‍ പറയുന്നത്. അതേസമയം ബി ജെ പിയെ പുറത്ത് നിന്നും പിന്തുണയ്ക്കുമെന്ന് ആം ആദ്മി എം എല്‍ എ ഭൂപത് ഭയാനി പ്രതികരിച്ചു.