കേരളത്തില് വയനാട് ജില്ലയിലെ അമ്പുകുത്തി മലയിലെ പ്രകൃതിജന്യമായ ഗുഹകളാണ് എടക്കല്‍ ഗുഹകള്‍. ചെറു ശിലായുഗ സംസ്‌കാര കാലഘട്ടത്തിലാണ് എടക്കല്‍ ഗുഹകളില്‍ ഇപ്പോള്‍ കാണുന്ന ശിലാലിഖിതങ്ങള്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു. കേരളത്തില്‍ ലഭിച്ചതില്‍ ഏറ്റവും പഴയ ശിലലിഖിതവും എടക്കല്‍ ഗുഹകളിലേതാണ്. മനുഷ്യനിര്‍മിതമല്ലാത്ത ഈ ഗുഹ സമുദ്ര നിരപ്പില്‍ നിന്നും 4000 അടി ഉയരത്തിലാണ്.
അമ്പുകുത്തി മലയില്‍ രണ്ട് പാറകള്‍ക്ക് ഇടയില്‍ രൂപപ്പെട്ട വിള്ളലുകള്‍ക്ക് മുകളില്‍ വീണകൂറ്റന്‍ പാറയാണ് ഗുഹയെ സൃഷ്ടിച്ചത്. കേരളത്തില് ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നല്‍കുന്ന ശിലാലിഖിതങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. എടക്കല്‍ ഗുഹയില്‍ ലോക ചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്നതും പില്‍ക്കാലത്ത് രേഖപ്പെടുത്തിയ ലിപികളും ഇവിടെ കാണുവാന്‍ സാധിക്കും.
1901-ല്‍ മലബാറിലെ ജില്ലാ പോലീസ് മേധാവിയായിരുന്ന എഫ് ഫോസെറ്റാണ് എടക്കല്‍ ഗുഹകളെക്കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. ആദിവാസികളുടെ സഹായത്തോടെ കാടുവെട്ടി തെളിച്ച് ഫോസെറ്റ് എടക്കല്‍ ഗുഹയില്‍ എത്തി പഠനം നടത്തിയിരുന്നു.