ന്യൂഡല്‍ഹി. നാഗ്പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഞായറാഴ്ച രാവിലെ ഖാപ്രി മെട്രോ സ്‌റ്റേഷനിലില്‍ മെട്രോ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു കൊണ്ടാണ് മെട്രോ സര്‍വീസ് ജനങ്ങള്‍ക്കായി മോദി തുറന്ന് നല്‍കിയത്. നാഗ്പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു.
ഫ്‌ളാഗ് ഓഫിന് ശേഷം ഫ്രീഡം പാര്‍ക്കില്‍ നിന്നും അദ്ദേഹം ഖാപ്രിയിലേക്ക് മെട്രോയില്‍ യാത്ര ചെയ്തു. മെട്രോയില്‍ യാത്രയ്ക്കായി എത്തിയ പ്രധാനമന്ത്രി കൗണ്ടറില്‍ നിന്നും ടിക്കറ്റ് എടുത്താണ് മെട്രോയില്‍ കയറിയത്. യാത്ര സമയത്ത് ഒപ്പം യാത്ര ചെയ്ത വിദ്യാര്‍ഥികളോടും മറ്റ് യാത്രക്കാരോടും വിശേഷങ്ങള്‍ തിരക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബി ജെ പി പുറത്ത് വിട്ടു. മെട്രോ യാത്ര സുഖകരവും സൗകര്യപ്രദവുമാമെന്നും നാഗ്പൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
നാഗ്പൂര്‍ മെട്രോ 8650 കോടി മുതല്‍ മുടക്കിയാണ് നിര്‍മ്മിച്ചത്. രണ്ടാം ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ 6700 കോടി രൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. മെട്രോയുടെ ഉദ്ഘാടനത്തിന് മുമ്പ് മഹാരാഷ്ട്രയിലെ രാജ്യത്തെ ആറാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. നാഗ്പൂരില്‍ പുതിയതായി ആരംഭിക്കുന്ന എയിംസ് മോദി ഇന്ന് ജനങ്ങള്‍ക്കായി തുറന്ന് നല്‍കും.