ന്യൂഡല്‍ഹി. രാജ്യത്തെ റോഡുകള്‍ 2024ല്‍ അമേരിക്കന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ നടന്ന 95ാം ഫിക്കി വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഇന്ത്യയില്‍ ലോകനിലവാരമുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മിക്കുകയാണെന്ന് അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. 2024 അവസാനിക്കുന്നതിനു മുന്‍പ് യുഎസ് നിലവാരത്തിലുള്ള റോഡുകള്‍ രാജ്യത്തുണ്ടാകുമെന്നു ജനങ്ങള്‍ക്ക് ഉറപ്പു തരുകയാണ്.
നമ്മുടെ രാജ്യത്തെ ചരക്കുഗതാഗത ചെലവ് വലിയ പ്രശ്‌നമാണ്. 16 ശതമാനമായ ചരക്കുഗതാഗത ചെലവ് 2024-ല്‍ 9 ശതമാനമായി കുറയ്ക്കാനാണു ശ്രമം എന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണ മേഖല പരിസ്ഥിതി മലിനീകരണത്തിനു വഴിവയ്ക്കുന്നു. ഇതിനൊപ്പം ആഗോളതലത്തിലെ സാധനസാമഗ്രികളുടെ 40 ശതമാനം ഈ മേഖലയിലാണ്. ഗുണം മെച്ചപ്പെടുത്തി നിര്‍മാണത്തിന്റെ മൂലധനച്ചെലവ് കുറയ്ക്കാനാണു ശ്രമിക്കുന്നത്. സിമന്റും സ്റ്റീലുമാണു നിര്‍മാണ മേഖലയിലെ മുഖ്യ സാമഗ്രികള്‍. ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തി സ്റ്റീലിന്റെ ഉപയോഗം കുറയ്ക്കാന്‍ ആലോചിക്കുന്നു.
ഹരിത ഹൈഡ്രജന്‍ ആണ് ഭാവിയിലെ ഇന്ധനം. 2030ഓടെ ഇലക്ട്രിക് ഗതാഗതം ഫലപ്രദമാകുമെന്നും ഗഡ്കരി പറഞ്ഞു. കേരളത്തില്‍ 3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ 2025 അവസാനത്തോടെ നടപ്പാക്കുമെന്നു നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തു 45,536 കോടി രൂപയുടെ 15 ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കവേ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.