ന്യൂഡല്‍ഹി. ചരിത്രത്തില്‍ ആദ്യമായി നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്സണ്‍ പാനലിലാണ് പി ടി ഉഷയും ഇടം നേടിയത്. രാജ്യസഭ അദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നതിനാണ് പട്ടിക തയ്യാറാക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു അംഗികാരം നോമിനേറ്റഡ് അംഗത്തിന് ലഭിക്കുന്നത്. പി ടി ഉഷയെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷയായി തിരഞ്ഞെടുത്തിരുന്നു. എതിരില്ലാതെയാണ് പി ടി ഉഷ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും പി ടി ഉഷയാണ്. ഏഷ്യന്‍ അത്ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവിയും ഉഷ വഹിച്ചിരുന്നു.