വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി സജി ചെറിയാന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാന്‍ എത്തുന്നത്. ജനുവരി നാലിനാണ് സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. അതേസമയം പോലീസ് തെളിവ് ശേഖരിക്കുവാന്‍ തയ്യാറായിട്ടില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം.
പോലീസ് സജി ചെറിയാന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയതോടെ വീണ്ടും മന്ത്രി സഭയിലേക്ക് എത്തുന്ന കാര്യം സജ്ജീവമായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പച്ചക്കൊടി കാട്ടിയതോടെയാണ് വീണ്ടും സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. അതേസമയം വകുപ്പകളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഈ വര്‍ഷം ജൂലൈ ആറിനാണ് സജി ചെറിയാന്‍ രാജിവച്ചത്. സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ സിപിഎമ്മില്‍ ചര്‍ച്ചകള്‍ നേരത്തെ ആരംഭിച്ചിരുന്നു.
പോലീസ് റിപ്പോര്‍ട്ട് റദ്ദാക്കി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബിജു നോയല്‍ ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. മന്ത്രി സ്ഥാനത്തേക്ക് സജി ചെറിയാനെ വീണ്ടും കൊണ്ടുവരുവാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേസില്‍ കൃത്യമായ തെളിവെടുപ്പ് നടത്തുവാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
പോലീസിന്റെ റിപ്പോര്‍ട്ടില്‍ കോടതി തീരുമാനം എടുത്തിട്ടില്ല. ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിയാക്കുകയും മറുവശത്ത് ഭരണഘടനയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്നത് സി പി എമ്മിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.