വിവാദങ്ങളില്‍ കുരുങ്ങി ഷാരൂഖ് ഖാന് നായകനായി എത്തുന്ന പത്താന് സിനിമ വലിയ ചര്‍ച്ചയാകുമ്പോള്‍ ആരാധകരുമായി സംവദിക്കുവാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് ഷാറുഖ് ഖാന്. ട്വിറ്ററിലൂടെയാണ് ഷാരൂഖ് ആരാധകരുമായി സംവദിച്ചത്. തന്റെ തന്നെ സിനിമയിലെ ‘പിക്ചര്‍ അഭി ബാക്കി ഹേ..’ എന്ന ഡയലോഗും അദ്ദേഹം സംവാദത്തിനിടെയില്‍ കുറിച്ചു.
പത്താന് മുതല്‍ കെ ജി എഫ് വരെ സംവാദത്തില്‍ ചര്‍ച്ചയായി. ചക്ദേ ഇന്ത്യ സ്വദേശ് പോലുള്ള സിനിമകള്‍ എന്ത് കൊണ്ട് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് അതൊക്കെ ചെയ്തില്ലേ എത്ര തവണ ചെയ്യണമെന്ന് അദ്ദേഹം മറുപടി നല്കുന്നു. രാംചരണിനെ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം തന്റെ പഴയ സുഹൃ്താണെന്നാണ് ഷാരൂഖ് മറുപടി നല്‍കിയത്.
വിവാദങ്ങള്‍ കത്തി പടരുമ്പോള്‍ പത്താന് ദേശഭക്തി ഉണര്‍ത്തുന്ന ആക്ഷന്‍ ചിത്രമാണെന്നാണ് ഷാരൂഖ് പറയുന്നത്. വീട്ടിലാണ് ഈ ചിത്രം ചെയ്യുന്ന കാര്യം ആദ്യം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇഷ്ട ചിത്രങ്ങളെക്കുറിച്ചും ഷാറൂഖ് സംവദിച്ചു. അതേസമയം ആത്മകഥ എഴുതുമോ എന്ന ചോദ്യത്തിന് തന്റെ ജീവിതം പൂര്‍ണമാകുമ്പോള്‍ എഴുതാമെന്നും അതിനായി സമയം ഉണ്ടെന്നും അദ്ദേഹം പറയുന്നു.
പത്താന് സിനിമയിലെ ബേഷറം രംഗ് എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വിവാദം ആരംഭിച്ചത്. ഗാനത്തില്‍ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക പദുക്കോണ്‍ എത്തിയതാണ് വിവാദത്തിന് കാരണം. ഷാറുഖും ദീപികയും പരസ്യമായി മാപ്പ് പറയണമെന്ന് ചില സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം മുസ്ലിം ജനവിഭാഗത്തെ അപമാനിക്കുവനാണ് പത്താന് എന്ന സിനിമയുടെ പേര് എന്നും അതിനാല്‍ പേര് മാറ്റണമെന്ന് മധ്യപ്രദേശ് ഉലമ ബോര്‍ഡ് ആവശ്യപ്പെട്ടു.