ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യരുടെ പൂര്‍വികര്‍ സമുദ്രം കടന്നു പോയിട്ടുണ്ടാവുമോ എന്നത് ശാസ്ത്ര ലോകത്തെ വലിയ ചോദ്യമായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മെഡിറ്ററേനിയന്‍ കടലിലെ ഏജിയന്‍ ദ്വീപുകളിലേക്ക് മനുഷ്യ പൂര്‍വികര്‍ നടത്തിയ യാത്രകളെക്കുറിച്ചുള്ള പഠനങ്ങള്‍ പുതിയ അറിവുകളാണ് നല്‍കുന്നത്. ക്വാട്ടേര്‍നറി ഇന്റര്‍നാഷണലിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതു രീതിയിലായിരിക്കും മനുഷ്യ പൂര്‍വികര്‍ മഹാ സമുദ്രങ്ങള്‍ താണ്ടിയിരിക്കുക എന്ന ചോദ്യത്തിന് ഉത്തരം തേടാനാണ് ഗവേഷകര്‍ പഠനം ആരംഭിച്ചത്. അന്ന് നൂറുകണക്കിന് പേര്‍ക്ക് യാത്ര ചെയ്യാനാവുന്ന ബോട്ടുകള്‍ മനുഷ്യപൂര്‍വികര്‍ നിര്‍മിക്കാന്‍ സാധ്യതയില്ല. മരംകൊണ്ടുളള ചെറു വള്ളങ്ങളാണെങ്കില്‍ അവയില്‍ മഹാസമുദ്രങ്ങള്‍ താണ്ടുകയെന്നത് അസാധ്യവുമാണ്.
എല്ലുകൊണ്ടും കല്ലുകൊണ്ടും മനുഷ്യപൂര്‍വികര്‍ നിര്‍മിച്ച പല ആയുധങ്ങളും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധിച്ചാണ് അന്ന് ഏതു രീതിയിലുള്ള നിര്‍മാണങ്ങളാവും അവര്‍ നടത്തിയിട്ടുണ്ടാവുകയെന്ന് ഗവേഷകര്‍ ഊഹിച്ചെടുക്കുന്നതെന്ന് ഗ്രീസിലെ പാട്രാസ് സര്‍വകലാശാലയില്‍ നിന്നുള്ള ഭൗമശാസ്ത്രജ്ഞനായ ജോര്‍ജ് ഫെറെന്റിനോസ് പറയുന്നു. ഇന്ന് ഏജിയന്‍ ദ്വീപുകള്‍ ലോകത്തെ ഏറ്റവും സുന്ദരമായ ദ്വീപ സമൂഹങ്ങളിലൊന്നാണ്.
നൂറുകണക്കിന് ദ്വീപുകളുള്ള ഏജിയന്‍ ദ്വീപുകള്‍ തുര്‍ക്കിക്കും ഗ്രീസിനുമിടയിലെ ഏജിയന്‍ കടലിലാണുള്ളത്. ഇവിടേക്ക് 476000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യപൂര്‍വികര്‍ കുടിയേറ്റം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഹിമയുഗ കാലങ്ങളില്‍ സമുദ്ര നിരപ്പ് കുറയുകയും സമുദ്രങ്ങള്‍ പോലും മഞ്ഞു മൂടി കിടക്കുകയും ചെയ്യുമ്പോള്‍ മനുഷ്യ പൂര്‍വികര്‍ സമുദ്രങ്ങളെ കാല്‍നടയായി മറികടന്നുവെന്ന വാദമുണ്ട്.
അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് മഞ്ഞുരുകുമ്പോള്‍ സമുദ്രനിരപ്പ് ഉയരുകയും കരയും ദ്വീപുകളും തമ്മിലുള്ള ബന്ധം മുറിയുകയും ചെയ്യും. ഈയൊരു സാധ്യത ഇവിടെ സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ ഫെറന്റിനോയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഏജിയന്‍ ദ്വീപുകളുടേയും സമീപ പ്രദേശങ്ങളുടേയും വിശദമായ ഭൂപടം തയാറാക്കി. നാലര ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേഖലയിലെ സമുദ്ര നിരപ്പ് എങ്ങനെയായിരിക്കും എന്നതായിരുന്നു അവര്‍ പഠിച്ചത്. ഇതിനായി നദികളിലെ ജല നിരപ്പുകളില്‍ വന്ന വ്യത്യാസങ്ങളും പഠനവിധേയമാക്കി.
നാലര ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നുള്ളതിനേക്കാലും 225 മീറ്റര്‍ താഴെയായിരുന്നു സമുദ്ര നിരപ്പുണ്ടായിരുന്നതെന്ന കണ്ടെത്തലിലേക്കാണ് അവരെത്തിയത്. സമുദ്ര നിരപ്പിലെ ഈ കുറവ് ഭൂമിയിലെ പലയിടത്തും സമുദ്രം പിന്‍വലിഞ്ഞ് കര രൂപപ്പെടുന്നതിന് കാരണമായിരുന്നു. അത്തരത്തില്‍ ഏജിയന്‍ ദ്വീപുകള്‍ക്ക് സമീപത്തും വലിയ തോതില്‍ സമുദ്രം ഉള്‍വലിഞ്ഞ് കര പുറത്തുവന്നിരുന്നു. എങ്കില്‍ പോലും ഏജിയന്‍ ദ്വീപുകളിലേക്ക് വന്‍കരയില്‍ നിന്നും കിലോമീറ്ററുകളോളം സമുദ്രത്തില്‍ സഞ്ചരിക്കേണ്ടിയിരുന്നു.
ഇതിന് വേണ്ട സാങ്കേതിക ശേഷി മനുഷ്യ പൂര്‍വികര്‍ നേടിയിരുന്നുവെന്നാണ് സൂചന. മാത്രമല്ല ഇതിനും മുന്‍പ് ഏഴ് ലക്ഷം വര്‍ഷങ്ങള്‍ക്കും പത്ത് ലക്ഷം വര്‍ഷങ്ങള്‍ക്കും മുന്‍പ് തന്നെ ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് തുടങ്ങി ദ്വീപുകള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ മനുഷ്യ പൂര്‍വികര്‍ സമുദ്രയാത്രകള്‍ നടത്തിയിരുന്നുവെന്ന് സൂചനകളുണ്ട്.