നിരവധി വീഴ്ചകളും പ്രതിരോധങ്ങളും ഉയര്‍ത്തെഴുനേല്‍പ്പുകള്‍ക്കും സാക്ഷ്യം വഹിച്ചാണ് 2022 വിടവാങ്ങുന്നത്. കോവിഡിനെ ഫലപ്രദമായി 2022ല്‍ പ്രതിരോധിച്ചെങ്കിലും അവസാനമാസങ്ങളില്‍ കോവിഡ് ചൈനയില്‍ വീണ്ടും ഭീതി പടര്‍ത്തുകയാണ്. ആ പേടിയില്‍ ലോക രാജ്യങ്ങള്‍ വീണ്ടും അടച്ച് പൂട്ടലിലേക്കും പ്രതിരോധത്തിലേക്കും ഉള്‍വലിയുന്നു.
വര്‍ഷത്തിന്റെ ആദ്യപകുതി ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവും ആഗോള രാഷ്ട്രീയത്തില്‍ അതിന്റെ സ്വാധീനവും അടയാളപ്പെടുത്തി. നിരപരാധികളായ ലക്ഷക്കണക്കിന് ജനങ്ങളുടെ മരണത്തിലേക്കും എങ്ങും എത്താത്ത എന്നാല്‍ ആരും ജയിക്കാത്ത യുദ്ധത്തിലേക്കാണ് ഉക്രെയ്ന്‍ റഷ്യ യുദ്ധം ചെന്ന് നില്‍ക്കുന്നത്. എന്നാല്‍ ഇനിയും അവസാനിക്കാത്ത യുദ്ധത്തിന്റെ അലയൊലികള്‍ 2023 തുടരും.
റഷ്യയെ സംബന്ധിച്ചടത്തോളം ആഗോള ശക്തി എന്ന നിയയില്‍ അവരുടെ തകര്‍ച്ച കൂടിയായിരുന്നു ഉക്രെയിന്‍ അധിനിവേശം. ഇരു ചെറിയ രാജ്യത്തിന് മുമ്പില്‍ പോലും പിടിച്ചുനില്‍ക്കുവാന്‍ ബുദ്ധിമുട്ടുകയാണ് റഷ്യന്‍ സേന. അതേസമയം റഷ്യന്‍ യുദ്ധം ഇന്ത്യയ്ക്ക് തുറന്ന് തന്ന അവസരങ്ങള്‍ വലുതാണ്. ലോകത്ത് ചൈനയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്ക് മതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് എണ്ണ കയറ്റുമതിയിലേക്ക് തിരിഞ്ഞു. ഇത് വിലക്കുറച്ച് ലഭിക്കുന്ന റഷ്യന്‍ എണ്ണയുടെ ഗുണമാണ്.
‘ഇന്നത്തെ യുഗം യുദ്ധകാലമല്ല.’ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഈ വാക്കുകള്‍ക്ക് പ്രശംസയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചത്. അതിനിടെ, ഉക്രെയ്‌നിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള ഡല്‍ഹിയുടെ ആശങ്ക തനിക്ക് മനസ്സിലായെന്നും അത് എത്രയും വേഗം അവസാനിപ്പിക്കണമെന്നും പുടിന്‍ പ്രതികരിച്ചിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഒരു ഇന്ത്യന്‍ വംശജന്‍ എത്തി എന്നതും 2022ന്റെ പ്രത്യേകതയാണ്. ഇന്ത്യന്‍ വംശജനായ ഋഷി സുനകിനാണ് ഈ അവസരം ലഭിച്ചത്. അയല്‍രാജ്യമായ പാകിസ്ഥാനില്‍, 2022 ഏറ്റവും വിനാശകരമായ വെള്ളപ്പൊക്കത്താല്‍ അടയാളപ്പെടുത്തി. ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയ വര്‍ഷം.
അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിച്ചതും വ്യക്തിസ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും വെട്ടിക്കുറച്ചതും മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇറാനില്‍, ഹിജാബ് തെറ്റായി ധരിച്ചതിന് 22 കാരിയായ കുര്‍ദിഷ് യുവതിയെ രാജ്യത്തെ കര്‍ശനമായ സദാചാര പോലീസ് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
ഇനിയും കെട്ടടങ്ങാത്ത എന്നാല്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന സ്ത്രീ സ്വാതന്ത്രത്തിനായിട്ടുള്ള പോരാട്ടമാണ് ഇറാനില്‍ നടക്കുന്നത്. ഹിജാബനെതിരായ പോരാട്ടത്തില്‍ ഇതുവരെ ഇറാനില്‍ കൊല്ലപ്പെട്ടത് 326 പേരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ എന്നാല്‍ ഇതിലും എത്രയോ ഭീകരമായിരിക്കും യാഥാര്‍ത്യം എന്നത് വിസ്മിരിച്ചു കൂട.
അതേസമയം, രാജ്യത്തെ ചൈനയുടെ പിടിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പ്രധാനമന്ത്രിക്കും പ്രസിഡന്റിനും എതിരെ ശ്രീലങ്കയില്‍ വിപ്ലവകരമായ സമരമാണ് നടന്നത്. പ്രസിഡന്റിന്റെ കോട്ടാരം വരെ കീഴ്‌പ്പെടുത്തിയ പ്രതിഷേധക്കാരെയും 2022 കണ്ടു. അഴിമതിയും സാമ്പത്തിക ദുര്‍ഭരണവും ആരോപിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെയും കുടുംബാംഗങ്ങളുടെയും രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ലോക സമ്പന്നരില്‍ രണ്ടാം സ്ഥാനത്തുള്ള എലോണ്‍ മസ്‌ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങുന്നു എന്ന വാര്‍ത്ത ആദ്യമായി പുറത്തുവന്നത് 2022ലണ്. തുടര്‍ന്ന് കമ്പനിയുടെ നേതൃത്വത്തിലേക്ക് മസ്‌ക് എത്തിയപ്പോള്‍ വലിയ മാറ്റങ്ങള്‍ക്കാണ് ട്വിറ്റര്‍ സാക്ഷ്യം വഹിച്ചത്. പ്ലാറ്റ്ഫോമിന്റെ നയങ്ങളിലും മസ്‌ക് ഗുരുതരമായ മാറ്റങ്ങള്‍ വരുത്തി, നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെറിയ പരിശോധനകളോടെ പണമടച്ചുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കുകയും ചെയ്തു. പകരക്കാരനെ കണ്ടെത്തുന്ന മുറയ്ക്ക് സിഇഒ പദവിയില്‍ നിന്ന് ഒഴിയുമെന്ന് മസ്‌ക് പറഞ്ഞിട്ടുണ്ടെങ്കിലും വരും വര്‍ഷങ്ങളില്‍ ട്വിറ്റര്‍ എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണം.
ഇന്ത്യയെ സംബന്ധിച്ചടത്തോളം വലിയ നേട്ടങ്ങളില്‍ ഒന്നായിരുന്നു ലോകത്തിലെ ഏറ്റവുവലിയ സാമ്പത്തിക ശക്തികളായ 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20 യുടെ പ്രസിഡന്റ് സ്ഥാനം. അടുത്ത വര്‍ഷത്തേക്കുള്ള ജി20 ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ജി 20 പ്രസിഡന്റ് സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി.
ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവങ്ങളില്‍ ഒന്നായ ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറില്‍ വെച്ച് 2022ല്‍ നടന്നു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് നേടുവാന്‍ സാധിച്ചുവെന്നത് അര്ഡജന്റീനയെ സംബന്ധിച്ച് വലിയ നേട്ടമാണ്. എന്നാല്‍ ലോകകപ്പില്‍ പരാജയപ്പെട്ട രാജ്യങ്ങള്‍ വരും വര്‍ഷങ്ങള്‍ക്കായിട്ടുള്ള കാത്തിരിപ്പിലുമാണ്. അതേസമയം ലോകകപ്പിന് വേദിയായ ഖത്തറിനെതിരെ നിരവധി ആരോപണങ്ങളും ഉണ്ടിയി. 2023-ല്‍ ഇതിന്റെ എല്ലാം തുടര്‍ചലനങ്ങള്‍ക്കായി കാത്തിരിക്കാം.