ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ സ്ഥാനം ഏറ്റത്തോടെ നിരവധി മാറ്റങ്ങളാണ് കമ്പിനിയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളിയായ ടെസ്ല എന്‍ജിനീയര്‍ ഷീന്‍ ഓസ്റ്റിനെ ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിന്റെ തലപ്പത്ത് നീയമിച്ചു. കൊല്ലം തങ്കശ്ശേരി സ്വദേശിയായ ഷീന്‍ ടെസ്ലയുടെ പ്രിന്‍സിപ്പല്‍ എന്‍ജിനീയറായിരുന്നു. ട്വിറ്ററിന്റെ തലപ്പത്തുള്ള ഏക ഇന്ത്യക്കാരനും നിലവില്‍ ഷീന്‍ ആയിരിക്കും.
കമ്പനിയുടെ ഡേറ്റ സെന്ററുകള്‍ അടക്കം എല്ലാത്തരം സുപ്രധാന സങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും ചുമതല ഷീനിനാണ്. ഐ ടി സിയില്‍ 2003-ല്‍ കരിയര്‍ ആരംഭിച്ച ഷീന്‍ ആക്‌സഞ്ചര്‍ അടക്കമുള്ള കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് ടെസ്ലയിലേക്ക് എത്തുന്നത്. ടെസ്ലയുടെ ഓട്ടോപൈലറ്റ് വിഷന് വേണ്ടിയുള്ള ലേണിങ് പ്ലാറ്റ്‌ഫോം, ഡേറ്റ സെന്റര്‍ ഡിസൈന്‍ എന്നിവയുടെ ചുമതല ഷീനിനായിരുന്നു.
പിന്നീട് ബൈറ്റന്‍ എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് തന്റെ കരിയര്‍ മാറ്റിയ ഷീന്‍ എയര്‍ബസിലും ജോലി ചെയ്തു. തുടര്‍ന്ന് വീണ്ടും ടെസ്ലയില്‍ എതിരിച്ച് എത്തുകയായിരുന്നു. കൊല്ലം സ്വദേശിയായ ഷീന്‍ ഓസ്റ്റിന്‍ സഖറിയയുടെയും അഡലീന്‍ ഓസ്റ്റിന്റെയു മകനാണ്.
അതേസമയം ട്വിറ്ററിന്റെ സി ഇ ഒ സ്ഥാനം രാജിവെയ്ക്കുമെന്ന് മസ്‌ക് അറിയിച്ചു. മറ്റൊരാളെ കിട്ടിയാല്‍ ഉടനെ രാജിവെയ്ക്കുമെന്നാണ് മസ്‌ക് പറയുന്നത്. ട്വിറ്റര്‍ സ്ഥാനം രാജിവെക്കണോ എന്ന് ചോദിച്ച് അദ്ദേഹം ട്വിറ്ററില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്‌ക് തീരുമാനം എടുത്തത്. വോട്ട് ചെയ്ത 57.5 ശതമാനം പേര്‍ രാജി ആവശ്യമാണെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്.