ചൈനയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ബി എഫ്-7 ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് എല്ലാവരും കനത്ത ജാഗ്രതപുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. രാജ്യത്ത് കോവിഡ് ഭീതി വസാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിദേശത്ത് നിന്നും എത്തുന്നവരെ നിരീക്ഷിക്കുവാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേകം സംവിധാനം ഒരുക്കും.
ആവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ ഓക്‌സിജന്‍ പ്ലാറ്റ്, വെന്റിലേറ്ററുകള്‍ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ മാസ്‌ക് കര്‍ശനമാക്കുന്ന കാര്യത്തിവല്‍ തീരുമാനം എടുത്തിട്ടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണം. പ്രായമായവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. സംസ്ഥാനങ്ങള്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തണം. വാക്‌സീനുകളും മരുന്നുകളും ആശുപത്രികളില്‍ ഉണ്ടാകണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. ചൈനയില്‍ ആശങ്ക പടര്‍ത്തുന്ന കോവിഡ് വകഭേദമായ ബി എഫ് 7-ന്റെ നാല് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലും ഒഡിഷയിലുമായിട്ടാണ് പുതിയ വകഭേദം കണ്ടെത്തിയത്. ജൂലൈ, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
ഗുജറാത്തിലെ രോഗികള്‍ സുഖം പ്രാപിച്ചുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ രാജ്യത്ത് 10 കോവിഡ് വകഭേദങ്ങളാണുള്ളത്. ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പൊതുസ്ഥലങ്ങില്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി.