തിരുവനന്തപുരം. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള ബില്ലിന്റെ ഭാവി എന്താണെന്ന സംശയത്തിലാണ് രാഷ്ട്രീയ കേരളം. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുവാനുള്ള ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ എന്തായിരിക്കണം തുടര്‍ നടപടി എന്ന കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
അതേസമയം ഗവര്‍ണര്‍ക്ക് മുമ്പില്‍ രണ്ട് വഴികളാണ് ഉള്ളത്. ഒന്ന് ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാം. അല്ലെങ്കില്‍ ബില്ല് രാജ്ഭവനില്‍ തന്നെ ഒപ്പിടാതെ സൂക്ഷിക്കാം. വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്ല്യ അധികാരം ഉള്ളതാണ്. അതേസമയം ബില്ല് ഗവര്‍ണര്‍ സ്വമേധയാ രാഷ്ട്രപതിക്ക് അയച്ചിട്ടില്ല. രാഷ്ട്രപതിക്ക് അയക്കണമെന്ന് സംസ്ഥാനം ശുപാര്‍ശ ചെയ്യുന്ന ബില്ലുകള്‍ മത്രമാണ് ഇതുവരെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളു. എന്നാല്‍ ഈ ബില്ലില്‍ അത്തരം ഒരു ശൂപാര്ശയില്ല.
അതേസമയം ഇത് സംസ്ഥാന അധികാരത്തില്‍ പെടുന്നതാണെന്നാണ് സംസ്ഥാനം വാദിക്കുന്നത്. അതിനാല്‍ ഗവര്‍ണര്‍ ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ബില്ല് രാഷ്ട്രപതിക്ക് അയക്കുന്നതില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നതാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയിരിക്കുന്നത്. അതേസമയം ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതെ തടഞ്ഞുവെച്ചാല്‍ സര്‍ക്കാരിന് മറ്റ് വഴികള്‍ ഒന്നും മുന്നിലില്ല. ലോകായുക്ത നിയമഭേദഗതി ബില്ല് അടക്കം നാല് ബില്ലുകള്‍ ഗവര്‍ണര്‍ ഇത്തരത്തില്‍ തടഞ്ഞ് വെച്ചിട്ടുണ്ട്.
ബില്‍ പുന പരിശോധനയ്ക്ക് തിരിച്ചയക്കുവാന്‍ ഗവര്‍ണര്‍ക്ക് സാധിക്കും എന്നാല്‍ ബില്ല് മാറ്റങ്ങളോടെയോ അല്ലാതെയോ നിയമലസഭ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മറ്റ് വഴികള്‍ ഒന്നും ഇല്ല. അതേസമയം സര്‍വകലാശാല നിയമ ഭേദഗതിക്ക് ശ്രമിച്ച ഒരു സംസ്ഥാനത്തും ബില്ല് നിയമമായിട്ടില്ല. തമിഴ്നാട്, ബംഗാള്‍, രാജസ്ഥാന് എന്നി സംസ്ഥാനങ്ങളില്‍ സമാനമായി നിയമസഭ പാസാക്കിയ ഒരു ബില്ലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.
അതേസമയം മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ പാസാക്കിയ ബില്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ പിന്‍വലിച്ചു. ഛത്തീസ്ഗഡും രാജസ്ഥാനും ഗവര്‍ണറുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുവാനുള്ള നിയമം തയ്യാറാക്കുകയാണ്. രാഷ്ട്രപതിക്ക് ബില്ല് ഗവര്‍ണര്‍ അയച്ചാല്‍ രാഷ്ട്രപതി കേന്ദ്രത്തിന്റെ അഭിപ്രായം തേടും. കേന്ദ്രം ഗവര്‍ണര്‍ക്കെതിരെ നിലപാട് എടുക്കില്ല. കേന്ദ്രം വിഷയത്തില്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ തുടര്‍ നടപടിയും ഉണ്ടാകില്ല. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ബില്ലില്‍ സംസ്ഥാനത്തിന് നിയമനടപടി സ്വീകരിക്കുവാനും സാധിക്കില്ല.