കേരളത്തില്‍ ആവശ്യത്തിന് ഡ്രഗ്‌സ് ഇന്‍സ്‌പെകടര്‍മാരില്ലെന്ന് റിപ്പോര്‍ട്ട്. 2012-2013 വര്‍ഷത്തില്‍ കേരളത്തില്‍ മരുന്നുകളും സൗന്ദര്യ ഉത്പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ 12,000 ആയിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ 2023 ആകുമ്പോള്‍ കേരളത്തില്‍ 29,000 വില്‍പന കേന്ദ്രങ്ങളാണുള്ളത്. കേന്ദ്ര നിര്‍ദേശം അനുസരിച്ച് കേരളത്തില്‍ 100 ലൈസന്‍സികള്‍ക്ക് ഒരു ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ വേണമെന്നാണ് കണക്ക്. എന്നാല്‍ ഇത് കേരളത്തില്‍ പാലിക്കുന്നില്ല. 290 ഡ്രഗ്‌സ് ഇന്‍സ്‌പെക്ടമാര്‍ വേണ്ട സ്ഥാനത്ത് 47 പേര്‍ മാത്രമാണ് ഈ ജോലി ചെയ്യുന്നത്.
സംസ്ഥാനത്ത് വ്യാജ മരുന്നുകളും വ്യാജ സൗന്ദര്യ ഉത്പന്നങ്ങളും വിപണി കീഴടക്കുമ്പോഴാണ് ആവശ്യത്തിന് പോലും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ ഇല്ലാതെ ആരോഗ്യ വകുപ്പ് നിസഹായമായി നില്‍ക്കുന്നത്. അതേസമയം സംസ്ഥാനത്തെ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടമാര്‍ക്ക് ആവശ്യത്തിന് വാഹനങ്ങള്‍ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. 47 ഡ്രഗ്‌സ് ഇന്‍സ്‌പെക്ടമാര്‍ക്ക് 11 വാഹനങ്ങള്‍ മാത്രമാണ് ഉള്ളത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടമാര്‍ക്ക് പരിശോധനയ്ക്ക് പോകുവാന്‍ വാഹങ്ങളില്ല. ഇടുക്കിയിലും വയനാട്ടിലും ഒരു ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് 10 കൊല്ലമായി ഈ തസ്തികയിലേക്ക് പുതിയ നിയമനം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് കേരളത്തില്‍ വ്യാജ ഉത്പന്നങ്ങള്‍ വരുന്നതിനും പ്രചരിക്കുന്നതിനും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ചൈനയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് വ്യാജന്മാര്‍ എത്തുന്നത്.
ഇത്തരം വ്യാജ സൗന്ദര്യ ഉത്പന്നങ്ങളും ഉപയോഗിച്ചാല്‍ ശരീരത്തില്‍ പൊള്ളല്‍, ത്വക് രോഗങ്ങള്‍, ഹോര്‍മോണ്‍ തകരാര്‍, വന്ധ്യത, വിഷാദ രോഗം എന്നിവ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ വ്യാജ മരുന്നുകളുളെ വില്‍പന സംസ്ഥാനത്ത് കൊഴുക്കുകയാണ്. ഗുണനിലവാരം ഇല്ലാത്തതും മാരക രാസവസ്തുക്കളും അടങ്ങിയ ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ഒരു ദിവസം നാല് കോടിയുടെ സൗന്ദര്യ വസ്തുക്കളാണ് വില്‍ക്കുന്നത്. ഇതില്‍ രണ്ട് കോടി രൂപയുടെ ഉത്പന്നങ്ങളും വ്യാജനാണെന്നാണ് വിവരം. സോപ്പ്, ഫേസ്‌ക്രീം, ഹെയര്‍ ഷാംപു, ഹെയര്‍ ഓയില്‍, ആഫ്റ്റര്‍ ഷേവ് ലോഷന്‍, ബോഡി മസാജ് ക്രീം, ഹെയര്‍ കളര്‍, ഹെയര്‍ സിറം, ലിപ്സ്റ്റിക്ക് എന്നിവയിലാണ് വ്യാജന്മാര്‍ ഉള്ളത്.