ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് നിന്നും വളരെ പെട്ടന്നാണ് ഗൗതം അദാനി 11 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതിന് കാരണം ഹിന്‍ഡന്‍ബര്‍ഗ് അന്ന അമേരിക്കന്‍ കമ്പനിയുടെ റിപ്പോര്‍ട്ടും. അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നത് മുതല്‍ ഓഹരി വിപണിയില്‍ വലിയ തകര്‍ച്ചയാണ് അദാനി ഗ്രൂപ്പിലെ കമ്പനികള്‍ക്ക് നേരിട്ടത്. അതേസമയം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദാനി പറഞ്ഞത് തന്റെ ബിസിനസ് ലോകത്തെ റോള്‍ മോഡല്‍ ധിരൂഭായ് അംബാനി ആണെന്നാണ്.
എന്നാല്‍ ഇതിലെ കൗതുകകരമായ വസ്തുത എന്താണെന്നാണ് ധിരൂഭായ് അംബാനിക്കും സമാനമായ ഒരു അനുഭവം 1980-ല്‍ നേരിടേണ്ടി വന്നുവെന്നതാണ്. അന്ന് ധിരൂഭായ് അംബാനിയുടെ കൗശലത്തോടെയുള്ള ഇടപെടലാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെ രക്ഷിച്ചത്. അതുമാത്രമല്ല ഷോര്‍ട്ട് സെല്ലേഴ്‌സ് പിന്നീട് ഒരിക്കലും അദ്ദേഹത്തെ ലക്ഷ്യം വെച്ച് നീക്കം നടത്തിയിട്ടുമില്ല. 1977 ഒക്ടോബര്‍ മാസത്തില്‍ ഐ പി ഒ വഴി മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത റിലയന്‍സ് വലിയ നേട്ടമാണ് കരസ്ഥമാക്കിയത്.
തുടക്കത്തില്‍ 10 രൂപ വീതമുള്ള 2.8 ദശലക്ഷം ഇക്വറ്റി ഓഹരികള്‍ പുറത്തിറക്കി റിലയന്‍സ് അതിന് ശേഷം കമ്പനി റൈറ്റസ്, ബോണസ് എന്നിവ ഇഷ്യു ചെയ്യുക വഴി മാറ്റാവുന്ന കടപ്പത്രങ്ങള്‍ വഴിയും ലാഭം നേടിയിരുന്നു. ഈ മാര്‍ഗം റിലയന്‍സ് സ്വീകരിച്ചതോടെ വലിയ മുന്നേറ്റമാണ് ഓഹരി വിപണിയില്‍ കമ്പനിക്ക് ഉണ്ടായത്. 1978-ല്‍ കമ്പനിയുടെ ഓഹരി വില 10 ല്‍ നിന്നും 50ലേക്ക് ഉയര്‍ന്നു. 1980-കള്‍ എത്തിയപ്പോള്‍ വില 104-ലേക്കും പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം 186-ലേക്കും ഉയര്‍ന്നു.
തുടര്‍ന്ന് 1982ന്റെ ആരംഭത്തില്‍ ഭാഗികമായി മാറ്റാവുന്ന കടപ്പത്രങ്ങള്‍ റിലയന്‍സ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇത്തരത്തില്‍ നിക്ഷേപകരില്‍ നിന്നും ശേഖരിക്കുന്ന പണത്തിന് ഒരു നിശ്ചിത പലിശ കുറച്ച് കാലത്തേക്ക് നല്‍കുകയും പിന്നീട് കാലാവധി കഴിഞ്ഞാല്‍ കടപ്പത്രങ്ങളില്‍ കുറച്ച് കമ്പനിയുടെ ഓഹരിയാക്കി മാറ്റുന്നതാണ് രീതി. ഭാഗികമായി മാറ്റാവുന്ന കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നതിന് മുമ്പ് റൈറ്റ്‌സ് ഇഷ്യു വിജയിപ്പിക്കുവാന്‍ റിലയന്‍സ് ഓഹരികളുടെ വില കൃത്രിമമായി ഉര്‍ത്തി.
ഇത് മനസ്സിലാക്കിയ കല്‍ക്കട്ടയില്‍ നിന്നുള്ളതെന്ന് കരുതുന്ന ബെയര്‍ ഓപ്പറേറ്റര്‍മാര്‍ റിലയന്‍സിന്റെ ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്യുവാന്‍ ആരംഭിച്ചു. തങ്ങളുടെ കയ്യില്‍ ഇല്ലാത്ത ഓഹരികള്‍ വില കുറയും എന്ന് കരുതി നിക്ഷേപകര്‍ വില്‍ക്കുന്നതാണ് ഷോര്‍ട്ട് സെല്ലിങ് ഒരു ഉയര്‍ന്ന വിലയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുകയാണ് ചെയ്യുന്നത്. പിന്നീട് വില കുറയുമ്പോള്‍ തിരിച്ച് വാങ്ങും. തുടര്‍ന്ന് മാര്‍ച്ച് 18ന് വ്യാപാരം അവസാനിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് മൂന്നരലക്ഷത്തോളം റിലയന്‍സ് ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്യപ്പെട്ടു.
ഇത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. 131 രൂപയില്‍ നിന്നും ഓഹരി വില 121ലേക്ക് ഇടിയുന്നതിന് ഇത് കാരണമായി. എന്നാല്‍ പിന്നീട് വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചത്. എത്ര കൂടുതല്‍ ഓഹരികള്‍ ഇത്തരത്തില്‍ വില്‍ക്കുന്നുവോ അതിനേക്കള്‍ അധികം ഓഹരികള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ വാങ്ങുവാന്‍ ആരംഭിച്ചു. വില്‍ക്കപ്പെട്ട ഓഹരിയേക്കള്‍ ഏട്ട് ലക്ഷം ഓഹരികള്‍ വാങ്ങപ്പെട്ടുവെന്നാണ് കണക്ക്. 10 കോടിയിലധികം രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങിയത്.
അക്കാലത്തെ സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ഓഹരി വിപണിയില്‍ നടക്കുന്ന എല്ലാ ഇടപാടുകളുടെയും സെറ്റില്‍മെന്റ് നടക്കുന്നത് രണ്ടാമത്തെ വെള്ളിയാഴ്ചകളിലാണ്. അപ്പോഴാണ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്ത തുകകള്‍ സെറ്റില്‍ ചെയ്യുന്നത്. റിലയന്‍സ് ഓഹരികള്‍ വന്‍തോതില്‍ വാങ്ങപ്പെട്ടതോടെ ഓഹരി വില ഉയര്‍ത്തി.
സെറ്റില്‍മെന്റ് ദിവസം ഒന്നുകില്‍ തങ്ങളുടെ കയ്യിലുള്ള റിലയന്‍സ് ഓഹരികള്‍ നല്‍കുക അല്ലെങ്കില്‍ അന്ധ ബദ്ലാ എന്ന പേരില്‍ അറിയപ്പെട്ട ചാര്‍ജ് അടയ്ക്കുക. ഏപ്രില്‍ 30നു റിലയന്‍സ് ഓഹരികള്‍ വാങ്ങിയ പാശ്ചാത്യ നിക്ഷേപകര്‍ ഷോര്‍ട്ട് ചെയ്തവരോട് തങ്ങള്‍ വാങ്ങിയ ഓഹരി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ഷോര്‍ട്ട് സെല്ലേഴ്‌സിന്റെ പക്കല്‍ ഓഹരികള്‍ ഉണ്ടായിരുന്നില്ല, നിക്ഷേപകര്‍ ഒരു ഷെയറിന് 25 രൂപ അന്ധ ബദ്ലാ ആവശ്യപ്പെട്ടു.
തുടര്‍ന്ന് അടുത്ത ബുധനാഴ്ച വരെ എക്സ്ചേഞ്ച് അടച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റിലയന്‍സ് ഓഹരികളുടെ വില ഉയര്‍ന്നു. ഷോര്‍ട്ട് ബ്രോക്കര്‍മാര്‍ ഓഹരികള്‍ കണ്ടെത്തിയതിനാല്‍ 201 രൂപ വരെ റിലൈന്‍സ് ഓഹരികള്‍ കുതിച്ചുയര്‍ന്നു. റിലയന്‍സ് ഓഹരികള്‍ വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകത ഓഹരികളുടെ വില ഉറപ്പാക്കി. വരും ദിവസങ്ങളില്‍ ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. അന്ന് ഷോര്‍ട്ട് ചെയ്തവര്‍ക്ക് തിരിച്ചു വാങ്ങാന്‍ ഉള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും വിതരണം ചെയ്തത് ധിരുഭായ് അംബാനി തന്നെ ആയിരുന്നു എന്നാണ് കഥ.
പിന്നീട് വലിയ ചര്‍ച്ചയായത് റിലയന്‍സ് ഓഹരികള്‍ വാങ്ങിയത് ആരാണെന്നാണ്. ഇതിന് ഉത്തരമായി പ്രണബ് മുഖര്‍ജി ഒരിക്കല്‍ പാര്‍ലമെന്റില്‍ പറഞ്ഞത് 1982 മുതല്‍ 1983 വരെയുള്ള വര്‍ഷത്തില്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ 220 മില്യണ്‍ രൂപയുടെ നിക്ഷേപം നടത്തിയെന്നാണ്. ഇപ്പോള്‍ അദാനിക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗും ഷോര്‍ട്ട് സെല്ലിങ് കമ്പനിയാണ്. പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ തന്നെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തങ്ങള്‍ ഷോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അവര്‍ പറയുന്നുണ്ട്.
അദാനിയുടെ ഐ പി ഒ പുറത്തു വരുന്നതിന് മുമ്പ് ഷോര്‍ട്ട് പൊസിഷന്‍ വെളിപ്പെടുത്തുന്നതും റിപ്പോര്‍ട്ട് പുറത്ത് വിടുന്നതും വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലയന്‍സിന് സംഭവിച്ചതിന് സമാനമാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വരും മുന്നെ നിക്ഷേപകര്‍ക്ക് അതിലെ കാര്യങ്ങള്‍ അറിയാമായിരുന്നു. അദാനി ഓഹരികള്‍ വളരെ ഉയര്‍ന്ന നിരക്കിലായിരുന്നു. ജിയോയിലേക്ക് റിലയന്‍സ് വലിയ നിക്ഷേപം നടത്തിയപ്പോള്‍ കമ്പനി തകരുമെന്ന് പറഞ്ഞു. എന്നാല്‍ ഇതിനെ എല്ലാം റിലയന്‍സ് മറികടന്നു.
ഈ ഒരു റിപ്പോര്‍ട്ടുകൊണ്ടു അദാനി തകരുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമെയുള്ള. അദാനി തകരില്ല. കാരണം. കേന്ദ്രസര്‍ക്കാരും അദാനിയുമായുള്ള അടുപ്പം തന്നെ. രാജ്യത്തെ ഒരുവിധം എല്ലാ ബാങ്കുകളും എല്‍ ഐ സിയും ഒക്കെ വലിയ തുകകളാണ് അദാനിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. അദാനി ഏറ്റെടുത്തിരിക്കുന്ന വലിയ ഗവണ്മെന്റ് പ്രൊജെക്ടുകള്‍ വേറെയും. അവയൊക്കെ തകരാതെ നോക്കേണ്ടത് ഇവരുടെ ഒക്കെ കൂടി ആവശ്യമാണ്. ഓഹരി വില ഇപ്പോള്‍ കുറഞ്ഞിട്ടു പോലും എഫ് പി ഒയില്‍ നിരവധി വലിയ നിക്ഷേപകര്‍ പണം നിക്ഷേപിക്കുന്നുണ്ട്. അത് കൂടാതെ ഒരുപാട് ആസ്തികളും അദാനിക്കുണ്ട്.