കൂട്ടികള്‍ക്ക് അറിവ് പകര്‍ന്ന് നല്കാന് വത്സലകുമാരിയു ശ്രീജയും ഒരു ദിവസം സഞ്ചരിക്കുന്നത് 60 കിലോമീറ്റര്‍. സ്വന്തം വാര്‍ഡിലെ തന്നെ അങ്കണവാടിയില്‍ എത്തുവനാണ് ഈ ദീര്‍ഘയാത്ര. യാത്ര വലിയതാണെങ്കിലും മുടക്കം വരാതെ ഇവര്‍ നിത്യവും ഓട്ടോയിലും ബസിലും ജീപ്പിലും വനത്തിലൂടെ നടന്നും 60 കിലോമീറ്റര്‍ പിന്നിട്ട് അങ്കണവാടിയില്‍ എത്തുന്നു.
ഇവരുടെ വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരെയാണ് അങ്കണവാടി. എന്നാല്‍ കൊടും വനത്തിലൂടെ യാത്ര ചെയ്യുവാന്‍ പറ്റില്ലാത്തതാണ് ഇവര്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നതിന് കാരണം. മൂന്ന് പഞ്ചായത്തുകള്‍ കടന്ന് അടുത്ത ജില്ലയില്‍ കയറിവേണം ഇവര്‍ക്ക് സ്വന്തം വാര്‍ഡിലെ അങ്കണവാടിയില്‍ എത്തുവാന്‍. കൊല്ലം ജില്ലയിലെ പിറവന്തൂര്‍ പഞ്ചായത്ത് കടശേരി ഒന്നാം വാര്‍ഡിലെ താമസക്കാരായ ഇരുവരും മൂന്നര മണിക്കൂര്‍ സഞ്ചരിച്ചാണ് അതേ വാര്‍ഡില്‍ തന്നെ വനമധ്യത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന കിഴക്കേ വെള്ളംതെറ്റിയില്‍ എത്തുന്നത്.
മലമ്പണ്ടാരം വിഭാഗത്തില്‍പെട്ട 23 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. രാവിലെ 6നു മുന്‍പ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങും. 2 കിലോമീറ്റര്‍ വനത്തിലൂടെ നടന്നു വേണം ടീച്ചറിനു കടശേരി ജംക്ഷനില്‍ എത്താന്‍. അവിടെ നിന്ന് ഓട്ടോയിലോ നടന്നോ പുന്നലയില്‍ എത്തും. യാത്രാസൗകര്യം പരിഗണിച്ച് ശ്രീജ ഇപ്പോള്‍ പുന്നലയില്‍ വാടകയ്ക്കു താമസിക്കുകയാണ്.
അവിടെനിന്ന് ഇരുവരും ബസില്‍ പത്തനാപുരത്തെത്തും. ഭാഗ്യമുണ്ടെങ്കില്‍ പാടം വെള്ളം തെറ്റിക്ക് ബസ് കിട്ടും. ഇല്ലെങ്കില്‍ പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെത്തി മാങ്കോട് പാടം വഴി പടിഞ്ഞാറെ വെള്ളംതെറ്റി വരെ ബസിലെത്തണം. പിന്നീട് സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ജീപ്പില്‍ യാത്ര ചെയ്യും. പിന്നീട് രണ്ട് കിലോമീറ്റര്‍ വനത്തിലൂടെ നടന്ന് വേണം അങ്കണവാടിയില്‍ എത്തുവാന്‍. ഇരുവരും ഏട്ട് വര്‍ഷമായി ജോലി ചെയ്യുന്നു.
ശബളം ലഭിക്കുന്നത് ടീച്ചര്‍ക്ക് 12000 രൂപയും ആയയ്ക്ക് 8000 രൂപയുമാണ്. ഇതില്‍ ഇരുവര്‍ക്കും ശമ്പളത്തിന്റെ പകുതിയിലേറെ യാത്രയ്ക്കുമാത്രമാണ് ചെലവാകുന്നത്.