ഹിന്‍ഡന്‍ബെര്‍ഗ് ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്ന് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ എഫ് പി ഒ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ അദാനിക്ക് സാധിച്ചു. 20,000 കോടി ലക്ഷമിട്ട എഫ് പി ഒയില്‍ ആദ്യ ദിനങ്ങളില്‍ തണുപ്പന്‍ പ്രതികരണമായിരുന്നെങ്കില്‍ അവസാന ദിവസമായ ചൊവ്വാഴ്ച നിക്ഷേപകര്‍ ഓഹരികളില്‍ താല്പര്യം പ്രകടിപ്പിച്ചു.
ഫോളോഓണ്‍ പബ്ലിക് ഓഫറിംഗില്‍ 45.5 ദശലക്ഷം ഓഹരികളാണ് വിറ്റഴിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഭാഗം നേരത്തെ തന്നെ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു. ഓഹരി വില എഫ്പിഒ പ്രൈസ് ബാന്‍ഡിന് താഴെയെത്തിയതിനാല്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. അവര്‍ക്കായി നീക്കിവെച്ച് ഓഹരികളില്‍ 11 ശതമാനത്തിന് മാത്രമാണ് നിക്ഷേപകരെത്തിയത്.
യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച 1.28 കോടി ഓഹരികള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചു. 1.61 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. ഇഷ്യു തുടങ്ങുന്നതിന് മുമ്പേ, ആങ്കര്‍ നിക്ഷേപകര്‍ 6,000 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ സബ്സ്‌ക്രൈബ് ചെയ്തിരുന്നു. അബുദാബിയിലെ ഐഎച്ച്സി 40 കോടി ഡോളര്‍ കൂടി ഈ വിഭാഗത്തില്‍ നിക്ഷേപിച്ചു.
ഇതോടെ ഈ വിഭാഗത്തില്‍ 326ശതമാനം അപേക്ഷകളെത്തി. ജീവനക്കാര്‍ക്കുള്ള വിഹിതത്തില്‍ അപേക്ഷകള്‍ 52ശതമാനത്തിലൊതുങ്ങി. ഹിന്‍ഡന്‍ ബെര്‍ഗിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വലിയ തിരിച്ചടിയാണ് അദാനിക്ക് നേരിട്ടത്. വലിയ തകര്‍ച്ച നേരിട്ട ഗൗതം അദാനി ലോകസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്നും 11-ം സ്ഥാനത്തേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് എട്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി.