മൂന്ന് വർഷത്തിനുള്ളിൽ കൈയക്ഷര വടിവിൽ കടലാസിലേക്ക് ശാന്തടീച്ചർ പകർന്നത് ബൈബിളും ഭാഗവതവും ഖുറാനും. എന്നും എഴുത്തിന് സ്നേഹിക്കുന്നതിനാൽ അദ്ധ്യാത്മ രാമായണവും ഗുരുഗ്രന്ഥ സാഹിബും കടലാസിലേക്ക് പകർന്നെഴുതുവാനുള്ള തയ്യാറെടുപ്പിലാണ് 60 കാരിയായ ഈ റിട്ടയേഡ് അധ്യാപിക.
തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ ബി ശാന്ത ടീച്ചർ 2018 ൽ വിരമിച്ചപ്പോൾ കൃഷിയിലേക്ക് തിരിയുവനാണ് തീരുമാനിച്ചത്. എന്നാൽ ബൈബിൾ കടലാസിലേക്ക് പകർത്തിയെഴുതിയ കന്യാസ്ത്രീയെക്കുറിച്ച് അറിഞ്ഞതാണ് ടീച്ചറെ വിത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിൽ എത്തിച്ചു. തുടർന്ന് ബൈബിൾ എഴുതി നോക്കിയെന്നും 292 ദിവസമെടുത്ത് 3992 പേജുള്ള ബൈബിൾ എഴുതി പൂർത്തിയാക്കി എന്നും ടീച്ചർ പറയുന്നു.
തുടർന്ന് 2500 രൂപ മുടക്കി ബൈബിൾ ബൈൻഡ് ചെയ്തു. സംഭവം സുഹൃത്തുക്കളോടും ബന്ധുക്കളും ഏറ്റെടുത്തതോടെ ആവേശമായി. പിന്നെ ഇംഗ്ലീഷ് ബൈബിളിന്റെ 4167 പേജുകൾ എഴുതി. അതിന് 90 പേനകളും 245 ദിവസവും. ആയിരത്തിലേറെ പേജുള്ള മഹാഭാഗവതവും 1430 പേജുള്ള വിശുദ്ധ ഖുർആൻ മലയാള പരിഭാഷയും 4555 പേജുള്ള ബൈബിളിന്റെ ഹിന്ദി പരിഭാഷയും കഴിഞ്ഞ ഒരു വർഷത്തിനിടെ എഴുതി തീർത്തു. ദിവസവും രണ്ട് മുതൽ 10 മണിക്കൂർ വരെയാണ് എഴുത്ത്.
എന്നാൽ ഒരേ ഇരുപ്പിൽ തുടർച്ചയായി എഴുതുന്നത് കൈവേദനയ്ക്ക് കാരണമായി എന്ന് ടീച്ചർ പറയുന്നു. എന്നാൽ പിന്മാറുവാൻ ടീച്ചർ തയ്യാറായില്ല. കൈയിൽ തൈലം തേച്ചായി പിന്നീട് എഴുത്ത്. എല്ലാ മത ഗ്രന്ഥങ്ങളും സ്വന്തം കൈപ്പടയിൽ എഴുതണമെന്ന ചിന്ത ഉണ്ടായതോടെ യാഥാർത്ഥ ഗ്രന്ഥങ്ങൾ വിലകൊടുത്തു വാങ്ങി. ഗുരുഗ്രന്ഥ സാഹിബ് കിട്ടുവാൻ ഗൂഗിളിന്റെ സഹായം തേടി.
മതഗ്രന്ഥങ്ങളുടെയെല്ലാം സന്ദേശം സത്യവും ധർമ്മയും ദയയുമാണെന്ന് ടീച്ചർ പറയുന്നു. ഓരോ വാക്കും ഹൃദിസ്ഥമാക്കിയാണ് എഴുതുന്നത്. ഓരോ വാക്യവും ആഴത്തിൽ മനസിലാക്കി. ബൈബിളിന്റെ മലയാളം, ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകൾ എഴുതിയത് അറിഞ്ഞതോടെ ബൈബിൾ മ്യൂസിയത്തിലേക്ക് ആവശ്യപ്പെട്ട് ചിലർ എത്തിയെങ്കിലും നൽകിയില്ല.
പലരും അഭിനന്ദിക്കാനെത്തി. സാംസ്കാരിക സംഘടനകളും വായനക്കൂട്ടങ്ങളും പുരസ്കാരങ്ങളും നൽകിയെന്നും ടീച്ചർ പറയുന്നു. അമരവിള എൽ എം എച്ച് എസ് എസിലെ സാമൂഹിക ശാസ്ത്ര അധ്യാപികയായിട്ടാണ് ശാന്ത ടീച്ചർ വിരമിച്ചത്.