ന്യൂഡല്‍ഹി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയച്ചിനിലെ മഞ്ഞുമല കാക്കാന്‍ ആദ്യമായി വനിത ഓഫീസര്‍. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സിയച്ചിനിലേക്ക് ഒരു വനിത ഓഫീസറെ നിയമിക്കുന്നത്. കരസേനയിലെ ഫയര്‍ ആന്‍ഡ് ഫ്യുറി കോര്‍ ക്യാപ്റ്റന്‍ ശിവ ചൗഹാന് ആണ് ഇനി സിയാച്ചിനില്‍ കാവല്‍ നില്ക്കുക. കഠിനമായ പരിശീലനത്തിന് ശേഷമാണ് ശിവയെ സിയാച്ചിനിലേക്ക് നിയോഗിച്ചിരിക്കുന്നത്.
15,632 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഉത്തര ഗേഷ്യര് ബറ്റാലിയന്റെ ആസ്ഥാനമായ കുമാര്‍ പോസ്റ്റില്‍ മൂന്ന് മാസത്തേക്കാണ് നിയമനം. ജനുവരി രണ്ടിന് സിയാച്ചിലെ ദൗത്യം ആരംഭിച്ച ശിവ അവിടെ ഒരു ടീമിന്റെ ലീഡര്‍ ആയിരിക്കും. ഇതോടെ യുദ്ധക്കപ്പലുകളിലും യുദ്ധവിമാനങ്ങളിലും കഴിവു തെളിയിച്ച ഇന്ത്യന്‍ വിനതകളുടെ അഭിമാനപട്ടികയില് ക്യാപ്റ്റന്‍ ശിവയും ഇടം നേടി.
ശിവ രാജസ്ഥാന് സ്വദേശിയായാണ്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സേനയില്‍ ചേരണമെന്നത്. ഉദയ്പൂര്‍ എന്‍ ജെ ആര് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ലഭിച്ച മറ്റ് ജോലികള്‍ക്കുള്ള ഓഫറുകള്‍ വേണ്ടെന്നു വച്ചു.
ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലെ (ഒ ടി എ) പരിശീലനത്തിന് ശേഷം 2021 മേയില്‍ എന്‍ജിനീയര്‍ റെജിമെന്റില്‍ കമ്മിഷന്‍ഡ് ഓഫീസറായി ചേര്‍ന്നു. 2022 ജൂലൈയില്‍ കാര്‍ഗില്‍ വിജയ് ദിവസിനോടനുബന്ധിച്ച് സിയാച്ചിന്‍ യുദ്ധസ്മാരകത്തില്‍ നിന്ന് കാര്‍ഗില്‍ യുദ്ധസ്മാരകത്തിലേക്ക് 508 കിലോമീറ്റര്‍ സൈക്ലിംഗ് പര്യവേക്ഷണത്തില്‍ സുര സോയി എന്‍ജിനീയര്‍ റെജിമെന്റിലെ പുരുഷ സൈനികരെ നയിച്ച ശിവയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.
തുടര്‍ന്ന് സിയാച്ചിന്‍ യുദ്ധ സ്കൂളില്‍ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. മഞ്ഞുമലകളില്‍ കയറാനും ഹിമപാതത്തയും ഹിമാനിയിലെ അഗാധ ഗര്‍ത്തങ്ങളെയും അതിജീവിക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും മറ്റുമുള്ള കഠിന പരിശീലനമാണ് നേടിയത്. മൈനസ് 60 ഡിഗ്രി വരെ കൊടും ശൈത്യമുള്ള സിയാച്ചിനിലെ ആദ്യ വനിതാ ഓഫീസറെന്ന നിലയ്ക്ക് ശിവയ്ക്കായി എല്ലാ സൗകര്യങ്ങളുമുള്ള പ്രത്യേക കൂടാരം സേന നല്‍കിയിട്ടുണ്ട്.