2016 ലെ നോട്ടു നിരോധനത്തെ ചോദ്യം ചെയ്തു നല്കിയ ഹര്‍ജികളില്‍ വിധി പറഞ്ഞ് സുപ്രീംകോടതി. നോട്ടു നിരോധനത്തെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ നല്‍കിയത് ഇത് പരിശോധിച്ച സുപ്രീംകോടതി നോട്ട് നിരോധനം ശരിവെച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ഇതില്‍ നാല് ജഡ്ജിമാര്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ മാത്രം വിയോജിച്ചു. നോട്ടു നിരോധനം റദ്ദാക്കുവാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ബി ആര് ഗവായ് ആണ് ആദ്യം വിധി പറഞ്ഞത്. നോട്ടു നിരോധനം നടപ്പിലാക്കിയതിന്റെ ലക്ഷ്യം സര്‍ക്കാര്‍ കൈവരിച്ചോ ഇല്ലെയോ എന്നത് പ്രസക്തമല്ല. നോട്ട് നിരോധനത്തിലായി സര്‍ക്കാര്‍ മൂന്നോട്ട് വച്ച ലക്ഷ്യങ്ങള്‍ ശരിയാണ്. അനുബന്ധ നടപടികള്‍ക്കായി 52 ദിവസം നല്‍കിയത് അസ്വീകാര്യമെന്ന് പറയുവാന്‍ കഴിയില്ലെന്നും അദ്ദേഹം വിധിയില്‍ പ്രസ്താപിച്ചു. അതേസമയം മറ്റ് മൂന്ന് പേരും വിധിയോട് യോജിച്ചു.
അതേസമയം നോട്ടു നിരോധനത്തെ എതിര്‍ത്താണ് ജസ്റ്റിസ് നാഗരത്ന വിധി പറഞ്ഞത്. നിയമ നിര്‍മ്മാണത്തിലൂടെ വേണം നോട്ട് നിരോധനം നടപ്പാക്കുവാന്‍ എന്നും വിജ്ഞാപനത്തിലൂടെ നടപ്പാക്കിയ സര്‍ക്കാരിന്റെ രീതി തെറ്റാണെന്നും വിധിയില്‍ നാഗരത്ന അഭിപ്രായപ്പെട്ടു. ആര് ബി ഐയുടെ ചട്ടപ്രകാരം നോട്ട് നിരോധനം നടപ്പാക്കുവാനുള്ള നടപടികള്‍ ആരംഭിക്കുന്നത് റിസര്ബാങ്കാണ്. രഹസ്യാത്മകത വേണ്ടിയിരുന്നെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കണമായിരുന്നുവെന്നും നാഗരത്ന പറഞ്ഞു.