നിരവധി പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുള്ള ഉത്തരാഖണ്ഡിലെ ജോഷിമഠ് എന്ന പുണ്യ ഭൂമി ഇന്ന് വീണ്ടും ഒരു പ്രതിസന്ധിയിലാണ്. ജോഷിമഠിന്റെ വലിയ ഒരു ഭാഗം പൂര്‍ണമായും ഇടിഞ്ഞുതാഴുമെന്നാണ് ഐ എസ് ആര്‍ ഒ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 2022 ഡിസംബര്‍ 27 മുതല്‍ 2023 ജനുവരി 8 വരെ 12 ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്റര്‍ ഭൂമി ഇടിഞ്ഞുതാണുവെന്നാണ് ഐ എസ് ആര്‍ ഒ കണ്ടെത്തിയത്.
അതേസമയം ഭൂമി ഇടിഞ്ഞുതാഴുന്ന വേഗത കൂടുന്നതായി ഐ എസ് ആര്‍ ഒ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 8.9 സെന്റീമീറ്റര്‍ മാത്രം ഇടിഞ്ഞു താഴ്ന്ന അവസ്ഥയില്‍ നിന്നും 12 ദിവസത്തിനുള്ളില്‍ 5,4 സെന്റീമീറ്ററിലേക്ക് വേഗത കൂടി. ഐ എസ് ആര്‍ ഒയുടെ നേതൃത്വത്തിലുള്ള എന്‍ ആര്‍ എസ് സിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കാര്‍ട്ടോസാറ്റ് 2 എസ് ഉപഗ്രഹം ഉപയോഗിച്ചായിരുന്നു പഠനം.
ജോഷിമഠിലെ സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ സ്വാമി ക്ഷേത്രവും ഉള്‍പ്പെടെ നഗരം പൂര്‍ണമായും ഇടിഞ്ഞു താഴും. കെട്ടിടങ്ങളിലും റോഡുകളിലും ഉള്‍പ്പടെ വിള്ളലുകള്‍ രൂപപ്പെട്ടുകഴിഞ്ഞു. അനുദിനം വലുതാകുകയാണ് വിള്ളലുകള്‍. ഭൂമിക്കടിയില്‍ നിന്നും വെള്ളം മുകളിലേക്ക് പരക്കുന്നുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 6100 അടി ഉയരത്തിലാണ് ജോഷിമഠ് സ്ഥിതി ചെയ്യുന്നത്. ഇവിടം സ്ഥിരം ഭൂകമ്പ സാധ്യതാ പ്രദേശമാണ്.
പല സ്ഥലങ്ങളിലും തുടരുന്ന വന നശീകരണവും വിവേചനം ഇല്ലാത്ത നിര്‍മാണങ്ങളും ജോഷിമഠിനെ ദുരന്തഭൂമിയാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു. അതീവ പരിസ്ഥിതിലോല പ്രദേശമായ ജോഷിമഠില്‍ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനങ്ങളും പാടില്ല. എന്നാല്‍ വന്‍കിട വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കനിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഇപ്പോഴത്തെ ദുരന്തവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.