തിരുവനന്തപുരം. ശശി തരൂരിന്റെ കേരള രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ് സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ചില നേതാക്കന്‍മാര്‍ക്ക് രസിക്കുന്നില്ല. ശശി തരൂര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തിയപ്പോഴും കോണ്‍ഗ്രസില്‍ അത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയാകുവാന്‍ തയ്യാറാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ താല്പര്യം ഉണ്ടെന്നും അറിയിച്ചതോടെ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്.
അതേസമയം ചോദ്യത്തിനുള്ള മറുപടി മാത്രമാണ് പറഞ്ഞതെന്നാണ് ശശി തരുര്‍ വിശദീകരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതോടെ ദേശീയ തലത്തില്‍ ശശി തരുരിന് എതിരായ നീക്കം നടക്കുന്നുണ്ട്. എം പി എന്ന നിലയിലും പ്രഫഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയിലും മാത്രമാണ് ഡല്‍ഹിയില്‍ ശശി തരൂരിന്റെ പ്രവര്‍ത്തനം. അതേസമയം പ്രവര്‍ത്തക സമിതിയിലേക്ക് എത്തുമോ എന്നതിലും വ്യക്തമായ ഉറപ്പില്ല.
ഈ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ശശി തരൂരിന്റെ നീക്കം. അതേസമയം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ശശി തരൂര്‍ ജി 23 യുടെ ഭാഗമായപ്പോള്‍ സീറ്റ് നിഷേധിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. ശശി തരൂരിന്റെ പുതിയ നീക്കം സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ചലനങ്ങള്‍ ഉണ്ടാക്കും.
അടുത്ത തവണ അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം കടുത്ത മത്സരമാകും കോണ്‍ഗ്രസില്‍ നടക്കുക. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെ സി വേണു ഗോപാലും രമേശ് ചെന്നിത്തല എന്നിവര്‍ ശശി തരൂരിനെതിരെ നീക്കം നടത്തുന്നുണ്ട്.
കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുവാന്‍ തരൂര്‍ നടത്തുന്ന നീക്കത്തില്‍ പ്രതിഷേധിച്ച് പഴ സൗഹൃദം അവസാനിപ്പിച്ച് വി ഡി സതീശന്‍ തരൂരിനെ എതിര്‍ക്കുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ്. അതേസമയം പ്രവര്‍ത്തക സമിതിയില്‍ നിന്നും തരൂരിനെ പുറത്താക്കിയാല്‍ കോണ്‍ഗ്രസില്‍ തരൂര്‍ തുടരുമോ എന്ന കാര്യത്തിലും വ്യക്തതിയില്ല. ഇത് കണക്കിലെടുത്താണ് ഉമ്മന്‍ ചാണ്ടിയുടെ തരൂര്‍ അനുകൂല നീക്കം.