2047 ആകുമ്പോള്‍ ഇന്ത്യ ലോക ശക്തിയാകുമെന്നാണ് പല പഠനങ്ങളും പറയുന്നത്. 2047 ആകുമ്പോള്‍ ലോകത്തെ പ്രതിഭകളില്‍ 20 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാകും. ലോകത്തിന്റെ നൈപുണ്യ കേന്ദ്രമായി വളരുകയാണ് നമ്മുടെ രാജ്യം. ലോകത്ത് മാറിവരുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ ചൈനയെ പൂര്‍ണമായും ആശ്രയിച്ചിരുന്ന സംവിധാനത്തിന് മാറ്റം വരുത്തുന്നുണ്ട്. കോവിഡിന് മുമ്പ് ചൈന ലോകത്ത് ചെലുത്തിയിരുന്ന സ്വാധീനം കുറയുന്നതായിട്ടാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കോവിഡിന് ശേഷം ചൈനയ്‌ക്കെതിരെ അമേരിക്കയും യൂറോപ്പും ഇന്ത്യയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വ്യാപാര നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വ്യവസായസ്ഥാപനങ്ങള്‍ എത്തുന്നതിന് കാരണമാകുന്നുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന അടിസ്ഥാന സൗകര്യ വികസനവും ഡിജിറ്റല്‍ വല്‍ക്കരണും വന്‍ കുതിച്ചു ചാട്ടത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്.
ഇന്ത്യ സൂപ്പര്‍ പവറായി വളരുമ്പോള്‍ കേരളത്തിന്റെ വളര്‍ച്ച എവിടെയായിരിക്കും എന്നതാണ് ചോദ്യം. കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ കേരളത്തിന് നഷ്ടപ്പെടുത്തിയത് വലിയ അവസരങ്ങളാണ്. കേരളത്തില്‍ എത്തേണ്ടിയിരുന്ന വന്‍ പദ്ധതികള്‍ പലതും അയല്‍സംസ്ഥാനങ്ങള്‍ കൊണ്ടുപോയി. കേരളത്തില്‍ നിരവധി വനിതകള്‍ക്ക് ജോലി കൊടുത്തിരുന്ന കിറ്റക്‌സ് കമ്പനിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ മലയാളികള്‍ ഒന്ന് ചിന്തിക്കേണ്ട കാലമായി എന്ന് വ്യക്തമാക്കുന്നതാണ്.
പ്രതിഷേധം ശക്തമായതോടെ കിറ്റക്‌സ് കേരളത്തില്‍ നടത്തേണ്ടിയിരുന്ന വലിയ നിക്ഷേപം മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇത് മൂലം കേരളത്തിന് നഷ്ടമായത് കോടിക്കണക്കിന് രൂപയുടെ വരുമാനവും. സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങളില്‍ വലിയ പുരേഗതി കൈവരിക്കുവാന്‍ കേരളത്തിനു കഴിഞ്ഞു. എന്നാല്‍ പിന്നീട് കേരളം പിന്നോട്ട് പോകുകയാണ് ഉണ്ടായത്.
കേരളത്തില്‍ നിന്നുള്ള വിദേശത്തുള്ള കുടിയേറ്റം വലിയ നേട്ടമായിട്ടാണ് കേരള സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ ഇത് നേര്‍ വിപരീതമായ ഫലമാണ് കേരളത്തിന് സമ്മാനിക്കുക എന്ന് ഭരണ നേതൃത്വം മനസ്സിലാക്കുന്നില്ല. പ്രതിഭകളെ തങ്ങളുടെ നാട്ടിലേക്ക് ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും കുറഞ്ഞ പ്രതിഭ മാത്രം ആവശ്യമുള്ള ജോലികള്‍ മറ്റു രാജ്യങ്ങളിലേക്കു പുറംകരാര്‍ നല്‍കുകയുമാണു സാമ്പത്തിക പുരോഗതി കൈവരിച്ച രാജ്യങ്ങള്‍ ചെയ്യുക. എന്നാല്‍ കേരളത്തില്‍ സംഭവിക്കുന്നതോ..
വിദ്യാസമ്പന്നരായ യുവാക്കള്‍ ഇവിടെനിന്നു കൂട്ടത്തോടെ നാടുവിട്ടു പോകുന്നു. പകരം മറ്റു സംസ്ഥാനങ്ങളില്‍നിന്നു കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടത്തോടെ ഇവിടേക്കു വരുന്നു. കേരളത്തില്‍ നിലവില്‍ 32 ലക്ഷം കുടിയേറ്റത്തൊഴിലാളികളാണുള്ളത്. 2030ല്‍ അത് 60 ലക്ഷമാകും എന്നാണ് കണക്ക്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ ആറിലൊന്നാണിത്.
പലകാരണങ്ങളാലും കേരളത്തില്‍ തുടുവാന്‍ യുവാക്കള്‍ ആഗ്രഹിക്കുന്നില്ല. ഈ അനരോഗ്യകരമായ കുടിയേറ്റം സംസ്ഥാനത്തു ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയ്ക്കു മാത്രമല്ല സാമൂഹിക അസന്തുലിതാവസ്ഥയ്ക്കും കാരണമാകും.
2019 മുതല്‍ 2022 മാര്‍ച്ച് വരെ ഇന്ത്യയിലേക്ക് എത്തിയ വിദേശ നിക്ഷേപം 11.5 ലക്ഷം കോടിയാണ് എന്നാല്‍ കേരളത്തിലേക്ക് എത്തിയത് 0.42 ശതമാനം മാത്രം ഇത് വ്യക്തമാക്കുന്നത് തീര്‍ത്തും നിക്ഷേപ സൗഹൃദമല്ലാത്ത ഇന്ത്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നാണ്. വലിയ തോതില്‍ തോഴില്‍ അവസരങ്ങളെ ഇത് ബാധിക്കുന്നു. കേരളത്തില്‍ നിന്നും 55,000 കോടിയുടെ കയറ്റുമതി നടന്നപ്പോള്‍ കേരളത്തിലേക്ക് മറ്റു സംസ്ഥനങ്ങളില്‍ നിന്നും എത്തിയത് ഒന്നര ലക്ഷം കോടിയുടെ സാധനങ്ങളാണ്.
കൊച്ചിന്‍ റിഫൈനറിയില്‍ നിന്നും മറ്റ് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നുമുള്ള കയറ്റുമതി കണക്ക് മാറ്റി നിര്‍ത്തിയാല്‍ ഭീതിപ്പെടുത്തുന്ന കണക്കാകും കേരളത്തിന്റെ കയറ്റുമതിയുടേത്. കേരളത്തില്‍ 20 രൂപയ്ക്ക് ഭക്ഷണം കൊടുക്കുന്നതും സ്വന്തക്കാര്‍ക്ക് ജോലി നല്‍കുന്നതിലും ബീഡി തൊഴിലാളികളുടെ പെന്‍ഷനുമെല്ലാമാണ് വലിയ വികസനമായി സംസ്ഥാന സര്‍ക്കാര്‍ എടുത്ത് കാണിക്കുന്നത്.
കേരളത്തില്‍ വ്യവസായം നടത്തുന്ന എല്ലാവര്‍ക്കും കല്ലും മുള്ളും വിരിച്ച പാതയിലൂടെയാണ് സഞ്ചരിക്കേണ്ടി വരുന്നത് എന്നാല്‍ പലരും ഇത് പുറത്ത് പറയുവാന്‍ ഭയപ്പെടുന്നു. ഇനിയും കേരളത്തിലെ രാഷ്ട്രീയ ഭരണ നേതൃത്വം ഇത് മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളം ഇരുട്ടിലാകും.