തിരുവനന്തപുരം. ഇന്ധനവിലയില്‍ വരുന്ന ഏറ്റക്കുറച്ചില്‍ പോലെ എല്ലാമാസവും വൈദ്യുതി നിരക്കിലും മാറ്റം വരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര വൈദ്യുതി ചട്ടത്തില്‍ മാറ്റം വരുത്തിയ ചട്ട ഭേദഗതി കേരളത്തിലും നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. കേരളത്തില്‍ കൂടുതല്‍ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്ന മാസങ്ങളിലാകും വൈദ്യുതി നിരക്ക് വര്‍ധിക്കുന്ന. അതേസമയം വൈദ്യുതി നിരക്ക് കുറയുന്ന സമയങ്ങളില്‍ ഗുണഭോക്താവിന് വിലയില്‍ കുറവ് ലഭിക്കും.
കേരളത്തില്‍ മഴക്കാലത്ത് വില കുറയുവാനും വേനല്‍ക്കാലത്ത് വില കൂടുവനുമാണ് സാധ്യത. പുതുക്കിയ മാനദണ്ഡപ്രകാരവും വ്യവസ്ഥകള്‍ പ്രകാരവും ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യവസായ, കാര്‍ഷിക ഉപഭോക്താക്കള്‍ക്കും നിരക്കില്‍ വ്യത്യാസം ഉണ്ടാകും. നടപ്പാക്കേണ്ട രീതിയും മാനദണ്ഡങ്ങളും നിര്‍ണ്ണയിക്കുവാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു.
കഴിഞ്ഞ മാസം കേന്ദ്രവൈദ്യുതി ചട്ടത്തില്‍ വരുത്തിയ ഭേദഗതിപ്രകാരം വൈദ്യുതി ഉത്പാദനത്തിലോ, വാങ്ങുന്നതിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് സര്‍ചാര്‍ജജ് വിതരണ കമ്പനിക്ക് സ്വയം നിര്‍ണയിച്ച് നിരക്ക് പരിഷ്‌കരിക്കാന്‍ അനുവതിക്കുന്നതാണ്. ഇത് വര്‍ഷത്തിലൊരിക്കല്‍ വരവ് ചെലവ് റിപ്പോര്‍ട്ടായി റെഗുലേറ്ററി കമ്മിഷന് നല്‍കി അംഗീകാരം നേടിയാല്‍ മതി.
ഇത് നടപ്പാക്കുമ്പോള്‍ വൈദ്യുതി ഉത്പാദനത്തിലുണ്ടാകുന്ന ചെലവുകുറവ് നെഗറ്റീവ് സര്‍ചാര്‍ജ്ജായി നടപ്പാക്കാനുള്ള സാഹചര്യമില്ലാതാകുമെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി. ഇതു കൂടി പരിഗണിച്ച് ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമായ രീതിയില്‍ പുതിയ പരിഷ്‌കാരം നടപ്പാക്കാന്‍ സാദ്ധ്യത ആരായാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളില്‍ യൂണിറ്റിന് 10 പൈസവരെയുളള നിരക്കു മാറ്റം വൈദ്യുതി ബോര്‍ഡിന് നിര്‍ണയിക്കാം. മഹാരാഷ്ട്രയില്‍ ഈ പരിധിയില്ല.