തിരുവനന്തപുരം. കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച സര്‍വകലാശാല ബില്ല് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയക്കുവാന്‍ തീരുമാനിച്ചു. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ നിയമോപദേശം ലഭിച്ചതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങള്‍. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരന്‍നായരാണ് നിയമോപദേശം നല്‍കിയത്.
ഗവര്‍ണറെ ബാധിക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം. നിയമസഭ പാസാക്കിയ സര്‍വകലാശാല ബില്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ തീരുമാനം വൈകും എന്നതാണ് സത്യം. ഇതോടെ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പിണറായി വിജയന് മുഖ്യമന്ത്രിയായി ഇരിക്കുന്ന കാലത്തൊന്നും നടക്കില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കുന്ന രണ്ടു ബില്ലുകള്‍ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകരിച്ചിരുന്നു.
സര്‍വകലാശാല ബില്‍ ഗവര്‍ണറെ ബാധിക്കുന്നതിനാല്‍ തനിക്കു മുകളിലുള്ളവര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ നേരത്തെയും സൂചിപ്പിച്ചിരുന്നു. 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നും ഗവര്‍ണറെ നീക്കി പകരം വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുവനാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.
അതേസമയം ലോകായുക്ത ബില്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിലും തീരുമാനം ഉടന്‍ ഒന്നും ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലോകായുക്തയിലുള്ള കേസ് വിധി പറയുവാന്‍ ഇരിക്കെതാണ് ലോകായുക്തയെ നോക്കുകുത്തിയാക്കുന്ന നിയമം സംസ്ഥാനം പാസാക്കിയത്. ഇതാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പ് വെക്കാത്തതിന് കാരണം.