2023 ആരംഭിച്ച് ആദ്യ 18 ദിവസം പിന്നിട്ടപ്പോല്‍ മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ഭക്ഷവിതരണ പ്ലാറ്റ് ഫോമായ സ്വിഗി. കേരളത്തിലെ നഗരപ്രദേശങ്ങളിലെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് എത്തിയ പൊറോട്ട തന്നെയാണ് പുതുവര്‍ഷത്തിന്റെ തുടക്കത്തിലും ഒന്നാം സ്ഥാനത്ത്. 18 ദിവസത്തെ കണക്ക് പ്രകാരം കേരളത്തില്‍ സ്വിഗി വിതരണം ചെയ്തത് 3.60 ലക്ഷം പൊറോട്ടയാണ്.
പൊറോട്ടയ്ക്ക് ബീഫ് അല്ലെങ്കില്‍ ചിക്കന്‍ കറിയാണ് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത്. ഒരു ലക്ഷം പ്ലേറ്റിനോട് അടുപ്പിച്ച് ബീഫ് കറിയും, ഫ്രൈയുമാണ് പതിനെട്ട് ദിവസത്തിനിടെ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തത്. പക്ഷിപ്പനി പടര്‍ത്തിയ ഭീതി കാരണം ചിക്കന്‍ വില്പനയില് നേരിട്ട ഇടിവ് സ്വിഗിയെയും ബാധിച്ചു. എന്നാല്‍ പൊറോട്ട കഴിഞ്ഞാല്‍ ആവശ്യക്കാര്‍ കൂടുതല്‍ ചിക്കന്‍ ബിരിയാണിക്കാണ്.
1.62 ലക്ഷം ചിക്കന്‍ ബിരിയാണിയാണ് നഗരത്തില്‍ 18 ദിവസത്തിനിടെ ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചത്. ലഘുഭക്ഷണത്തിനും വലിയ ഡിമാന്‍ഡാണുള്ളത്.
ഐസ് ക്രീം, ഫലൂദ, ചോക്കോലാവ, കോക്കനട്ട് പുഡ്ഡിംഗ് എന്നീ ഡെസേര്‍ട്ടുകളോടാണ് ലഘുഭക്ഷണത്തില്‍ ആവശ്യക്കാര്‍ കൂടുതല്‍. അതേസമയം ഓണ്‍ലൈനായി ഊണും മീന്‍കറിയും ഓര്‍ഡര്‍ ചെയ്യുന്നവര്‍ കുറവാണ്. എന്നാല്‍ സദ്യയ്ക്ക് ഓണ്‍ലൈനില്‍ ഡിമാന്‍ഡ് കൂടുതലാണ്. മീന്‍വിഭവങ്ങളെല്ലാം ഹോട്ടലുകളില്‍ നേരിട്ടെത്തി കഴിക്കാനാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്.
ഉച്ചഭക്ഷണ സമയത്തും ഭൂരിപക്ഷം ആളുകളും സ്വിഗി വഴി ഓര്‍ഡര്‍ ചെയ്യുന്നത് പൊറോട്ടയും ചിക്കന്‍ ബിരിയാണിയുമാണ്. മസാലദോശ, വെജ് ബിരിയാണി, വെജ് ഫ്രൈഡ് റൈസ്, ചില്ലി ഗോബി, ഗോബി മഞ്ചൂരിയന്, പനീര്‍ ബട്ടര്‍മസാല, ചില്ലി ഗോബി ഡ്രൈ ഫ്രൈ എന്നിവയാണ് വെജിറ്റേറിയന്‍ വിഭവങ്ങളില്‍ കൂടുതല്‍ ചെലവാകുന്നത്.