ന്യൂഡൽഹി. വിദേശ ഇന്ത്യക്കാർക്ക് യു പി ഐ ഉപയോഗിച്ച് പണം അയക്കാൻ അവസരമൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ പത്ത് വിദേശ രാജ്യങ്ങളിൽനിന്ന് യു പി ഐ. ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് ഉടൻ അനുമതി ലഭിക്കും. എൻ ആർ ഇ, എൻ ആർ ഒ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് പണം കൈമാറ്റം ചെയ്യുവാൻ സാധിക്കും.
ഇനിമുതൽ എത് രാജ്യത്താണോ ആ രാജ്യത്തെ കൺട്രി കോഡുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ഇടപാട് നടത്താം. ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിക്കാതെത്തന്നെ വിദേശികളായ ഇന്ത്യക്കാർക്ക് ഡിജിറ്റൽ പണമിടപാട് നടത്താൻ അനുവദിക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് നേരത്തേ എൻ പി സി ഐ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ആദ്യ ഘട്ടത്തിൽ പത്ത് രാജ്യങ്ങളിലെ ഇന്ത്യക്കാർക്കാണ് പണമിടപാട് സാധ്യമാവുക. യു എ ഇ., സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എസ്.എ., യു.കെ., സിങ്കപ്പൂർ, കാനഡ, ഓസ്ട്രേലിയ, ഹോങ് കോങ് എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ.