എക്കാലത്തും ടാറ്റയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരിക്കല്‍ ആര്‍ കെ കൃഷ്ണകുമാര്‍ മൂന്നാര്‍ തേയിലത്തോട്ടം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന സമയത്ത് ഒരു തൊഴിലാളിയുടെ മകള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍ അദ്ദേഹത്തോട് പറഞ്ഞു. അടുത്ത നിമിഷം ആര്‍ കെ കൃഷ്ണകുമാര്‍ താന്‍ വന്ന ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കയച്ച് സ്പെഷലിസ്റ്റ് ഡോക്ടറെ വരുത്തി ആ കുട്ടിയുടെ ജീവന്‍ രക്ഷിച്ചു.
അന്ന് ടാറ്റയ്ക്കായി ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ അദ്ദേഹത്തെ അന്നു ദൈവദൂതനെന്നാണു വിശേഷിപ്പിച്ചത്. മൂന്നാറില്‍ മാത്രമല്ല ടാറ്റ കമ്പനികളുടെ ആസ്ഥാനമായ ബോംബെ ഹൗസിലും കൃഷ്ണകുമാറിനു രക്ഷാദൂതന്റെ പരിവേഷമായിരുന്നു. കെ കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട അദ്ദേഹം പ്രതിസന്ധിഘട്ടങ്ങളില്‍ കമ്പനിക്ക് താങ്ങും വളര്‍ച്ചയില്‍ വഴികാട്ടിയുമായിരുന്നു. രത്തന്‍ടാറ്റയുടെ വലംകൈയായി അറിയപ്പെടുന്ന ആര്‍ കെ കൃഷ്ണകുമാര്‍ ടാറ്റ ടീയുടെ എംഡി ആയശേഷമാണു ബ്രിട്ടനിലെ ബഹുരാഷ്ട്ര തേയിലക്കമ്പനിയായ ടെറ്റ്ലിയെ ഏറ്റെടുക്കുന്നത്.
ഒരു ബ്രിട്ടിഷ് കമ്പനിയെ ടാറ്റ ഏറ്റെടുത്തത് ഇന്ത്യന്‍ ബിസിനസ് രംഗത്ത് അന്നു വലിയ സംഭവമായിരുന്നു. ഈ ഏറ്റെടുക്കലോടെയാണ് ടാറ്റ ഗ്ലോബല്‍ ബവ്റിജസ് ലോകത്തെ രണ്ടാമത്തെ വലിയ തേയിലക്കമ്പനിയായി മാറിയത്. ഇന്ത്യന്‍ ഹോട്ടല്‍സിന്റെ എം ഡിയും പിന്നീടു വൈസ് ചെയര്‍മാനുമായ കൃഷ്ണകുമാറാണു യു എസിലും ബ്രിട്ടനിലും ഉള്‍പ്പെടെ അനേകം വിദേശ ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ കരുക്കള്‍ നീക്കിയത്. ബ്രിട്ടനിലെ കോറസ് സ്റ്റീലും ജഗ്വാര്‍ ലാന്റ് റോവറും ഏറ്റെടുത്തതിനു പിന്നില്‍ കൃഷ്ണകുമാറിന്റെ ബുദ്ധിയും തന്ത്രങ്ങളുമായിരുന്നു.
2007ല്‍ ടാറ്റ സണ്‍സ് ബോര്‍ഡിലെത്തിയത് ഇതിനുള്ള അംഗീകാരമത്രേ. പില്‍ക്കാലത്ത് അദ്ദേഹം രത്തന്‍ ടാറ്റ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റിയുമായി. 1997ല്‍ അസമിലെ തേയിലത്തോട്ടത്തില്‍ നിന്നു ടാറ്റ ടീ സീനിയര്‍ മാനേജര്‍ ബര്‍ദലോയിയെ ഉള്‍ഫ ഭീകരര്‍ തട്ടിക്കൊണ്ടു പോയി 15 കോടി രൂപയ്ക്കു വിലപേശിയപ്പോള്‍ മോചിപ്പിക്കാന്‍ മുന്‍കയ്യെടുത്തത് കൃഷ്ണകുമാറായിരുന്നു.
ബര്‍ദലോയിയെ വിട്ടയച്ചപ്പോള്‍ കെ കെ തിരുവനന്തപുരത്തുവന്നു പഴവങ്ങാടി ഗണപതി കോവിലില്‍ 1001 തേങ്ങയടിച്ചു. 2008ല്‍ മുംബൈ താജ് ഹോട്ടല്‍ പാക്ക് ഭീകരര്‍ ആക്രമിച്ചപ്പോള്‍ അതിഥികളെയും ജീവനക്കാരെയും രക്ഷിക്കാനും പിന്നീടു ഹോട്ടലിനെ പൂര്‍വസ്ഥിതിയിലെത്തിക്കാനും മുന്നില്‍നിന്നു പ്രവര്‍ത്തിച്ചതും ഇതേ കൃഷ്ണകുമാറായിരുന്നു. ഇന്ത്യന്‍ കോര്‍പറേറ്റ് രംഗത്തു ഒരു മലയാളിക്ക് എത്താവുന്നത്ര ഉയത്തില്‍ എത്തിയ വ്യക്തിയാണ് ആര്‍ കെ കൃഷ്ണകുമാര്‍.