ന്യൂഡല്‍ഹി. 2024 ജനുവരി ഒന്നിന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുകയായിരുന്നുവെന്നും അമിത്ഷ ത്രിപുരയില്‍ പറഞ്ഞു. അതേസമയം രാമ ക്ഷേത്ര നിര്‍മാണം തുരങ്കം വയ്ക്കുവാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
രാമ ക്ഷേത്ര നിര്‍മാണം പാതി വഴി പിന്നിട്ടതായി നവംബറില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. 2023 ഡിസംബറോടെ പണി പൂര്‍ത്തിയാകുമെന്ന് യു പി മുഖ്യമന്ത്രി യോഗി പറഞ്ഞിരുന്നു. 2024- ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാമക്ഷേത്രം തുറക്കുന്നത് വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.
വര്‍ഷങ്ങളായി നിയമക്കുരുക്കിലാണ് ക്ഷേത്ര നിര്‍മാണം സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് ആരംഭിച്ചത്. 2020 ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിര്‍മാണം ആരംഭിച്ചത്. ക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്. രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തില്‍ അഞ്ച് മണ്ഡപങ്ങള്‍ ഉണ്ട്. ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കും.
മ്യൂസിയം അര്‍കൈവ്‌സ് , റിസര്‍ച്ച് സെന്റര്‍, ഓഡിറ്റോറിയം, കാലിത്തൊഴുത്ത്, പൂജാരികള്‍ക്കായുള്ള മുറികളും ഉണ്ടാകും. 2019 നവംബറില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് തര്‍ക്കഭൂമി ക്ഷേത്രത്തിന്റേതാണെന്ന് വിധിച്ചു. അയോധ്യയില്‍ അഞ്ച് ഏക്കര്‍ ഭൂമി മുസ്ലിം പള്ളി നിര്‍മിക്കാന്‍ നല്‍കാനും കോടതി വിധിച്ചിരുന്നു.