മൂന്നാറില്‍ പടയപ്പ വനത്തില്‍ നിന്നും നാട്ടില്‍ എത്തി ഭീതി പടര്‍ത്തുമ്പോള്‍ ലാഭം നേടുന്നത് റിസോര്‍ട്ട് ടാക്‌സി മുതലാളിമാര്‍. സഞ്ചാരികളാണ് പടയപ്പയെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതെന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പടയപ്പയെ കാണുവാന്‍ ദിവസവും രാത്രിയും പകലും എന്നു പോലും വിത്യാസമില്ലാതെ വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. പടയപ്പയെ കാണിക്കാം എന്ന വാഗ്ദാനത്തോടെയാണ് പല റിസോര്‍ട്ടുകളും ടാക്‌സികളും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
പടയപ്പയ്ക്കെതിരെ പ്രകോപനം സൃഷ്ടിച്ച ടാക്സി ഡ്രൈവര്‍ക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മൂന്നാര്‍ കടലാര്‍ സ്വദേശിയായ ദാസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വാഹനവും വനംവകുപ്പ് കസ്റ്രഡിയിലെടുത്തു. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് കടലാര്‍ എസ്റ്റേറ്റിലെ തേയില ചെരിവില്‍ നില്‍ക്കുകയായിരുന്ന പടയപ്പയ്ക്ക് നേരെ ടാക്സി ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കി പ്രകോപനം സൃഷ്ടിച്ചെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. കേസെടുത്തതിനെ തുടര്‍ന്ന് ദാസന്‍ ഒളിവില്‍പോയി.
ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് മൂന്നാര്‍ ഡിഎഫ്ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനെതിരെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിയ്ക്കും. പ്രകോപനപരമായ നടപടികള്‍ ഉണ്ടാകുന്നതായി വിനോദസഞ്ചാര വകുപ്പിനെയും ധരിപ്പിച്ചിട്ടുണ്ട്. 50 വയസിനടുത്ത് പ്രായമുള്ള പടയപ്പ മൂന്നാറില്‍ ഏറ്റവും തലയെടുപ്പുള്ള കാട്ടുകൊമ്പനാണ്. വാഗുവര, മൂന്നാര്‍, ദേവികുളം, മാട്ടുപ്പെട്ടി എന്നിവിടങ്ങളാലാണ് പടയപ്പ പ്രധാനമായും സഞ്ചിരിക്കുന്നത്.
മൂന്നാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന പാപ്പുകുഞ്ഞിന്റെ കട ഏഴു തവണയും മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിനു സമീപമുള്ള ജോണ്‍സണ്‍ ജേക്കബിന്റെ വഴിയോര കട 12 തവണയും പടയപ്പ തകര്‍ത്തിരുന്നു. ഇത്തരത്തില്‍ മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളില്‍ ഒട്ടേറെയാളുകളുടെ കടകളും തോട്ടംമേഖലയിലെ തൊഴിലാളികളുടെ ഏക്കറുകണക്കിന് കൃഷിയിടത്തിലെ പച്ചക്കറികളും പടയപ്പ തിന്നു നശിപ്പിച്ചിട്ടുണ്ട്. പൊതുവേ ശാന്തസ്വഭാവക്കാരനായ പടയപ്പ നാളിതുവരെ ജനങ്ങളെ ആക്രമിച്ചിട്ടില്ല.
എന്നാല്‍ കഴിഞ്ഞ നാലഞ്ചു മാസമായി പടയപ്പ അക്രമ സ്വഭാവം കാണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുറ്റിയാര്‍വാലി മേഖലയില്‍ മൂന്നു വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബൈക്ക് യാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി പാതയോരത്തു നിറുത്തിയിട്ടിരുന്ന മിനിലോറിയുടെ ചില്ലുകളും വീടിനു സമീപം നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും പടയപ്പ അടിച്ചുതകര്‍ത്തിരുന്നു. ഒരു തോട്ടത്തിലെ ബട്ടര്‍ ബീന്‍സ് കൃഷിയും നശിപ്പിച്ചു.
പെരിയവരൈയില്‍ നിര്‍മ്മാണക്കരാറുകാരന്റെ മിനിലോറിയാണു തകര്‍ത്തത്. പെരിയവരൈ ലോവര്‍ ഡിവിഷനില്‍ പി പ്രദീപിന്റെ ഓട്ടോറിക്ഷ അടിച്ചുതകര്‍ക്കുകയും ചെയ്തു. സമീപത്തുള്ള ചെല്ലദുരൈ, ജയപാല്‍ എന്നിവരുടെ കൃഷിയിടത്തിലെ വിളവെടുപ്പിനു തയാറായിരുന്ന ബീന്‍സ് പടയപ്പ തിന്നുനശിപ്പിച്ചു. ഇരുവര്‍ക്കുമായി 60000 രൂപയുടെ നഷ്ടമുണ്ടായി. മദപ്പാട് കണ്ടുതുടങ്ങിയ പടയപ്പ ഒരു മാസമായി വളരെ അക്രമാസക്തനാണ്. രണ്ടു ദിവസം മുമ്പ് കന്നിമല ടോപ് ഡിവിഷനില്‍ പട്ടാപ്പകലിറങ്ങി തൊഴിലാളികളുടെ ഉച്ചഭക്ഷണപ്പാത്രങ്ങളടക്കം തകര്‍ത്തിരുന്നു.